- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നിയിൽ വീണ്ടും കടുവ ഇറങ്ങി; 32 ദിവസത്തിനിടെ കൊന്നത് മൂന്ന് പശുക്കളെ
റാന്നി: റാന്നിയിൽ വീണ്ടും കടുവ ഇറങ്ങി. പെരുനാട് ബഥനി പുതുവൽ ഭാഗത്ത് ഇറങ്ങിയ കടുവ ഒരു പശുവിനെ കൂടി കൊന്നു. ബഥനി മാബ്രേത്ത് എം.എം.ഏബ്രഹാമിന്റെ (രാജൻ) കറവപ്പശുവിനെയാണ് ചൊവ്വാഴ്ച രാത്രി റബർത്തോട്ടത്തിലിട്ട് കടുവ കൊന്നത്. ഇതോടെ 32 ദിവസത്തിനിടെ കടുവ കൊന്ന പശുക്കളുടെ എണ്ണം മൂന്നായി. രാജന്റെ രണ്ടാമത്തെ പശുവിനെയാണ് കടുവ കൊന്നത്.
ഒരു മാസം മുൻപ് രാജന്റെ മറ്റൊരു പശുവിനെയും കടുവ കൊന്നിരുന്നു. അന്ന് പശുവിന്റെ ജഡം കിടന്നിരുന്നതിന്റെ 100 മീറ്റർ അകലെയാണ് ഇന്നലെ രാവിലെ മറ്റൊരു പശുവിന്റെ ജഡം കൂടി കണ്ടത്. സ്ഥലത്തെത്തിയ വനപാലകർ പശുവിന്റെ ജഡത്തിന്റെ കുറെ അവശിഷ്ടങ്ങൾ കടുവയെ കുടുക്കാൻ സ്ഥാപിച്ച കൂട്ടിൽ വച്ചിട്ടുണ്ട്. കൊന്നിട്ട പശുവിനെ ഇരയാക്കാൻ കടുവ ഇന്നെത്തുമെന്നാണ് കരുതുന്നത്. മുൻപ് ഇത്തരത്തിൽ എത്തിയപ്പോഴാണ് വനപാലകർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യം പതിഞ്ഞതും കടുവയാണെന്ന് സ്ഥിരീകരിച്ചതും. ഇന്നലെ പശുവിന്റെ ജഡം കണ്ട ഭാഗത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചു. കടുവ കൂട്ടിൽ കയറുന്നത് കാത്തിരിക്കുകയാണ് വനപാലകർ.
പെരുനാട് വെറ്ററിനറി സർജൻ ഡോ. റെംസിമോൾ, വെച്ചൂച്ചിറ വെറ്ററിനറി സർജൻ ആനന്ദ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ആന്തരിക അവയവങ്ങൾ കുഴിച്ചിട്ടു. പെരുനാട് എൻജിനീയറിങ് കോളജിനു സമീപം കുളത്തുംനിരവ് വിളവിനാൽ റെജിയുടെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. ജഡം കണ്ട അന്നു തന്നെ പോസ്റ്റ്മോർട്ടം നടത്തി കുഴിച്ചിട്ടിരുന്നു. കൊന്നിട്ട പശുവിനെ തേടി വൈകിട്ട് 5 മണിയോടെയെത്തിയ കടുവ കിടാരിയെ പിടികൂടാൻ ശ്രമിച്ചത് റെജി കണ്ടിരുന്നു. ബഹളമുണ്ടാക്കിയാണ് കടുവയെ ഓടിച്ചത്. പിന്നീടാണ് രാജന്റെ പശുവിനെ കൊന്നത്. കടുവയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ദൃശ്യങ്ങളൊന്നും പതിഞ്ഞിരുന്നില്ല.