കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ എത്തിച്ച ഒരു കോടിയോളം രൂപയുടെ മയക്ക് മരുന്ന് എക്‌സൈസ് സംഘം പിടികൂടി. ഒരു കിലോയോളം എംഡിഎംഎ യും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. എന്നാൽ പ്രതി എക്‌സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മയക്ക് മരുന്ന് കടത്തി കൊണ്ട് വന്ന പ്രതി എക്‌സൈസ് സംഘത്തെ മൂർച്ഛയേറിയ ആയുധം കൊണ്ട് ആക്രമിച്ച് രക്ഷപെടുകയായിരുന്നു. തലശ്ശേരി കൊലയാട് കൊച്ചു പറമ്പിൽ വീട്ടിൽ, ചിഞ്ചു മാത്യു (30) എന്നയാളെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു

ആക്രമണത്തിൽ സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമിയുടെ വലത് ചൂണ്ട് വിരലിന് വെട്ടേറ്റു. ഒട്ടേറെ ക്രിമിനൽ കേസുുകളിൽ പ്രതിയായ ഇയാളെ ഈയിടെ ഒന്നര കിലോ ഹാഷിഷ് ഓയിലുമായി തൃശൂർ എക്‌സൈസ് പിടികൂടിയിരുന്നു.

ഒരു വർഷത്തോളം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും മയക്ക് മരുന്ന് കച്ചവടം തുടരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് വൻ തോതിൽ മയക്ക് മരുന്ന് വാങ്ങി അത് ഇയാളുടെ കണ്ണൂരുള്ള വീട്ടിൽ എത്തിച്ച് അവിടെ വച്ച് ചെറു കവറുകളിൽ പായ്ക്ക് ചെയ്ത് കാക്കനാട് കൊണ്ട് വന്ന് ഏജന്റുമാരുടെ സഹായത്തോടെ ഇയാൾ വിൽപ്പന നടത്തുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇയാളുടെ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് 12 ചെറിയ കുപ്പികളിലായി 100 ഗ്രാമോളം ഹാഷിഷ് ഓയിലും കണ്ടെടുത്തത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള ഉദ്ദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചതിനും പ്രത്യേകം നടപടി സ്വീകരിക്കും.

കൊച്ചി കാക്കനാട് ഭാഗത്ത് നിന്ന് ഇത് ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള എംഡിഎംഎ പിടിച്ചെടുക്കുന്നത്. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണർ ബി. ടെനി മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം. അസി. കമ്മീഷൺ ബി. ടെനിമോൻ , സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സജീവ്, ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ് മനോജ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, രജ്ഞു എൽദോ തോമസ്, പി എ മാനുവൽ , സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സിഇഒ പി.എസ്. ശരത് മോൻ , ഹർഷകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.