മലപ്പുറം : കാഴ്ച പരിമിതി ഭേദിച്ച് മഅദിൻ ദഅവാ കോളേജ് പൂർവ വിദ്യാർത്ഥി നാസിഹ് അദനിക്ക് സ്വപ്ന നേട്ടം. യുജിസി നെറ്റ് എക്‌സാമിലാണ് ജെ ആർ എഫ് ഫെലേഷിപ്പോടെ മികച്ച വിജയം നേടാനായത്. എസ് എസ് എൽ സി വിദ്യാഭ്യാസത്തിന് ശേഷം മഅദിൻ അക്കാദമിയിൽ ചേർന്ന നാസിഹിന് അക്കാദമിക്ക് പിന്തുണ നൽകിയത് മഅദിൻ ഏബ്ൾ വേൾഡായിരുന്നു.

ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം തുടങ്ങി ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. പ്രസംഗം, എഴുത്ത് മേഖലയിലും ശോഭിക്കാനായി. കാഴ്‌ച്ചയെ പരിമിതിയായി സമീപിക്കുന്നതിന് പകരം ശാസ്ത്രീയമായ പഠന രീതിയാണ് മഅദിൻ ഏബ്ൾ വേൾഡ് മുന്നോട്ട് വെക്കുന്നത്. ഒമ്പത് വർഷത്തെ ദഅവ സമന്വയ വിദ്യാഭ്യാസത്തിലൂടെ മത വിദ്യാഭ്യാസത്തിലും നാസിഹിന് മികവ് പുലർത്താനായി.

മഅദിൻ പഠനത്തിന് ശേഷം കർമശാസ്ത്രത്തിലെ ഉപരിപഠനത്തിനായി മർകസിൽ ചേർന്നു. ഇന്ത്യൻ പശ്ചാത്തലത്തിലെ സാമൂഹിക മാറ്റങ്ങൾ എന്ന വിഷയത്തിൽ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് നാസിഹ് ഉദ്ദേശിക്കുന്നത്. മതാധ്യാപനത്തോടൊപ്പം കോളേജ് ലക്ചറാവുകയാണ് ആഗ്രഹം.

കണ്ണമംഗലം സ്വദേശി അബ്ദുന്നാസർ - സ്വഫിയ ദമ്പതികളുടെ മകനാണ്. നേരത്തെ മഅദിൻ അക്കാദമി വിദ്യാർത്ഥികളിൽ കാഴച പരിമിതരായ റുഫൈദ, ജലാലുദ്ദീൻ അദനി, മുർഷിദ് എന്നിവർ ജെ ആർ എഫ് കരസ്ഥമാക്കിയിരുന്നു. മികച്ച നേട്ടം കൈവരിച്ച നാസിഹ് അദനിയെ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു.