മലപ്പുറം: സൈനിക സേവന രംഗത്തെ രാഷ്ട്രപതിയുടെ വിവിധ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ മലപ്പുറം പരപ്പനങ്ങാടിക്കാരായ മൂന്ന് ഉന്നത സൈനികർക്കു ജന്മനാട് ഉജ്ജ്വല സ്വീകരണം നൽകി. വിശിഷ്ട സേവാമെഡൽ, അതിവിശിഷ്ട സേവാമെഡൽ എന്നിവ നേടിയ ആസ്സാം റൈഫിൾസ് ഡയJക്ടർ ജനറലായ ലെഫ്റ്റനന്റ് ജനറൽ പ്രദീപ്ചന്ദ്രൻനായർ, സേവാമെഡൽ, അതിവിശിഷ്ട സേവാ മെഡൽ പുരസ്‌കാരം കരസ്ഥമാക്കിയ ജനറൽ കെ.നാരായണൻ,ആസാം റൈഫിൾസ് കമാൻഡന്റ് എം.ശശീന്ദ്രൻ എന്നിവരെയാണ് നാട് ആദരിച്ചത്.

ഉന്നതസൈനികരെ വാദ്യ താളമേളങ്ങളുടെ അകമ്പടിയോടെ പരപ്പനാട് കോവിലകം സ്‌കൂളിലേക്ക് ആനയിച്ചു. സംസ്ഥാന കായിക, വഖഫ് ,റെയിൽവേ, തപാൽ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉൽഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ.മജീദ്എംഎ‍ൽഎഅധ്യക്ഷനായി. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ, നഗരസഭാ കൗൺസിലർ സി.ജയദേവൻ,സി.എം.ബാലസുബ്രഹ്‌മണ്യൻ, കെ.പ്രഭാകരൻ, തുടങ്ങിയവർ സംസാരിച്ചു. വിമുക്ത ഭടൻ ബാലൻ വള്ളിക്കുന്നിന്റെ പുസ്തക പ്രകാശനവും കവിതാപാരായണവും തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

സൈനിക സേവന രംഗത്തെ പരപ്പനങ്ങാടിക്കാരായ മൂന്ന് വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ദേശീയ ബഹുമതി ലഭിക്കുക വഴി ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ പരപ്പനങ്ങാടിക്കാർക്ക് അഭിമാനത്തിന്റെ ത്രിമധുരമാണ് ലഭിച്ചത്.സ്തുത്യർഹ സൈനിക സേവനത്തിന് ദേശീയ അംഗീകാരം നേടുന്ന പരപ്പനങ്ങാടിയുടെ പട്ടാളപ്പെരുമയിൽ ജന്മനാട് അഭിമാന പുളകിതരാണ്.

ഇന്ത്യാ പാക് യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നെടുവയിലെ ചോ നാം കണ്ടത്തിൽ രാമചന്ദ്രൻ, മുൻ ആസ്സാം റൈഫിൾ ഡയരക്ടർ ജനറൽ പി ഇ മേനോൻ, വീരചക്ര ബഹുമതി നേടിയ ബ്രിഗേഡിയർ വേണുഗോപാലമേനോൻ, ലെഫ് കേണൽ വിശ്വനാഥമേനോൻ ,തുടങ്ങി അടുത്തിടെ ലഡാക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അയ്യപ്പൻകാവിലെലാൻസ് നായിക് മുഹമ്മദ് ഷൈജൽ തുടങ്ങിയവർ ഈ നാടിന്റെ വീരസ്മരണകളാണ്. പരപ്പനങ്ങാടി നഗരസഭാ പരിധിയിൽ നൂറോളം പേർ ഇപ്പോഴും സൈനിക സേവനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരും അതിന്റെ ഇരട്ടിയോളം പേർ സൈനിക സേവനത്തിൽ നിന്നും വിരമിച്ചവരും പരപ്പനങ്ങാടിയുടെ പട്ടാളപ്പെരുമയിലുണ്ട്.