- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്കരുകിലേക്ക് യാത്രയായി ആ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും; തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. പുത്തൻതോപ്പ് റോജാ ഡെയ്‌ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
വെങ്ങാനൂർ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. ഭർത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശൗചാലയത്തിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ശൗചാലയത്തിൽ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവർ പറയുന്നത്. പുത്തൻത്തോപ്പിൽ ഫുടബോൾ മത്സരം കാണാൻ പോയശേഷം ഇടവേള സമയത്ത് വീട്ടിൽ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാൽ, ഈ സമയം ഭർത്താവ് എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജുവിന്റെ മാതാപിതാക്കൾ ആരോപിച്ചു. 2021, നവംബർ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. വെങ്ങാനൂർ പൂങ്കുളം പ്രമോദിന്റെയും ഷൈലജയുടെയും മകളാണ് മരിച്ച അഞ്ജു.