ഭുവനേശ്വർ: ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് 15 വന്ദേ ഭാരത് തീവണ്ടികൾ നിലവിൽ ഓടുന്നുണ്ട്. അതിവേഗ യാത്ര സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് അവ ചെയ്യുന്നത്. ഹൗറയും പുരിയും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധം പുതിയ തീവണ്ടി ശക്തിപ്പെടുത്തുമെന്നും വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ ഫ്ളാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിലെ വാണിജ്യ നഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ബന്ധിപ്പിച്ചാവും വന്ദേഭാരത് ഓടുക. പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂൺ 20-ന് തുടങ്ങാനിരിക്കെയാണ് ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് തീവണ്ടി ഓടിത്തുടങ്ങുന്നത്. തീർത്ഥാടകർ അടക്കമുള്ളവർക്ക് തീവണ്ടി സർവീസ് പ്രയോജനപ്പെടും.

പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള 500 കിലോമീറ്റർ ദൂരം വന്ദേഭാരത് ആറര മണിക്കൂറുകൊണ്ട് പിന്നിടും. മെയ് 20-ന് ഓടിത്തുടങ്ങുന്ന തീവണ്ടി വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാവിലെ ആറിന് ഹൗറയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.30-ഓടെ പുരിയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മടക്കയാത്ര. 14 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമടക്കം 16 കോച്ചുകളാവും തീവണ്ടിയിൽ ഉണ്ടാവുക.