മലപ്പുറം: താനൂർ ബോട്ടപകടത്തിൽ 22പേർ മരിച്ചതിന്റെ നെടുക്കം മാറും മുമ്പെ പൊന്നാനിയിൽ നിയമം ലംഘിച്ച് മത്സ്യ ബന്ധന വള്ളത്തിൽ കൈക്കുഞ്ഞുൾപ്പെടെയുള്ളവരുടെ ഉല്ലാസ യാത്ര. ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്.

തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പസ്‌ക്കി എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പടിഞ്ഞാറെക്കരയിൽ നിന്നും ഭാരതപ്പുഴയും, അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കർമ്മ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വഞ്ചിയെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല.

വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും, തൊഴിലാളികളേയും ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരസ്യമായ നിയമ ലംഘനം നടത്തിയ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷണൽ ഡയറക്ടർ സുനീർ പറഞ്ഞു