തൊടുപുഴ: ഉടുമ്പന്നൂർ പരിയാരത്ത് സിപിഎമ്മിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അതിക്രമിച്ചു കയറി മരങ്ങൾ വെട്ടിമുറിച്ചതായും സ്ഥല ഉടമയെ കള്ള കേസിൽപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തതായും പരാതി. സംഭവത്തിൽ പാർട്ടിക്കും പൊലീസിനുമെതിരെ ആരോപണവുമായി അതിക്രമത്തിനിരയായ കുടുംബം രംഗത്തെത്തി.

പൊലീസിന്റെയും സിപിഎമ്മിന്റെയും നടപടിയിൽ പ്രതിഷേധിച്ചും ഇരയായ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. കഴിഞ്ഞ 16നാണ് കോലാനി തെക്കേൽ ടി.എ.രാജനെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറി മർദ്ദിച്ചുവെന്ന ഉടുമ്പന്നൂർ പരിയാരം അമയപ്ര ലക്ഷ്മീ നിവാസിൽ വി.പി.രാജന്റെ പരാതിയിലാണ് ഇയാളുടെ സഹോദരി അമ്മിണിയുടെ ഭർത്താവായ ടി.എ.രാജനെ അറസ്റ്റ് ചെയ്തത്.

എന്നാൽ ഇത് കള്ളക്കേസായിരുന്നെന്നും അക്രമം നടന്ന സമയം താനും ഭർത്താവും തൊടുപുഴയിലായിരുന്നെന്നും അമ്മിണി പറഞ്ഞു. സിപിഎം കരിമണ്ണൂർ ഏരിയാ നേതൃത്വവും പൊലീസും നടത്തിയ ഗൂഢാലോചനയിൽ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ് ആരോപിച്ചു.

അമ്മിണിക്ക് മാതാവ് കല്യാണി വർഷങ്ങൾക്ക് മുമ്പ് 70 സെന്റ് ഭൂമി രേഖാമൂലം എഴുതിക്കൊടുത്തിരുന്നു. ഈ ഭൂമിയിൽ നിന്ന്, അമ്മിണി അറിയാതെ 10 സെന്റ് ഭൂമി സഹോദരൻ വി.പി.രാജൻ ഏതാനും ദിവസം മുമ്പ് സിപിഎമ്മിന് കൈമാറുന്നതായി കാട്ടി കത്ത് നൽകി. ഇതോടെ സിപിഎം നേതാക്കൾ അമ്മിണിയുടെ ഉടമസ്ഥാവകാശത്തിലുള്ള ഭൂമിയിലെ തടികൾ മുറിച്ചതായും ഇത് ചോദ്യം ചെയ്ത ടി.എ.രാജനെ കള്ള കേസിൽ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രോഗിയായ വയോധികനെ കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കും ഇതിനായി ഗൂഢാലോചന നടത്തിയവർക്കുമെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി ഇവർ അറിയിച്ചു.