തൊടുപുഴ: ടൗൺഹാളിന് പിൻവശം ഇതരസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യവെ മൂന്നംഗസംഘം പിടിയിൽ.യുവാക്കളെ ഡിവൈ.എസ്‌പിയും സ്‌ക്വാഡും ചേർന്ന് പിടികൂടി.

ഏഴുമുട്ടം ഞറുക്കുറ്റി ചക്കാലയിൽ സനൽ സന്തോഷ് (21), തൊടുപുഴ കവണിശ്ശേരി കിരൺ മഹേഷ് (18), പാലക്കുഴ മാറിക മാഞ്ചോട്ടിൽ ഷിന്റോ രാജു (23) എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്‌പിയും സംഘവും ചേർന്ന് പിടികൂടിയത്.

പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് കയ്യിലുള്ള 500 രൂപ വീതം വില വരുന്ന കഞ്ചാവ് പൊതികൾ മൂവരും പുഴയിലെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

പുഴയിൽ വീഴാതെ കരയിൽ വീണ രണ്ട് കഞ്ചാവ് പൊതി പൊലീസ് കണ്ടെടുത്തു.മൂവരെയും പ്രതി ചേർത്ത് പൊലീസ് കേസ് ചാർജ്ജുചെയ്തതായി പൊലീസ് അറയിച്ചു. ഇവർക്കെതിരെ എതിരെ മുൻപും കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ നാളെ രാത്രി കോടതിയിൽ ഹാജരാക്കും.

പ്രതികളിലൊരാളായ സനൽ സന്തോഷിനെയും കാമുകിയെയും കഞ്ചാവ് സഹിതം കഴിഞ്ഞ ഡിസംബറിൽ തൊടുപുഴ ഡിവൈഎസ്‌പി എം.ആർ മധുബാബു തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിന്റെ ലഹരി വിരുദ്ധ പരിശോധനയായ ക്ലീൻ തൊടുപുഴ ആരംഭിച്ച ശേഷം മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ എണ്ണം 26 ആയതായി ഡിവൈ.എസ്‌പി അറയിച്ചു.