മലപ്പുറം: സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് നിറവേറ്റുകയാണ് പരിഹാര അദാലത്തുകൾ വഴി സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപ്പെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് ഉടനടി തന്നെ കാര്യക്ഷമമായി തീർപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻഗണന വിഭാഗത്തിലേക്ക് മാറിയ 13 പേരുടെ റേഷൻ കാർഡുകളും ചടങ്ങിൽ വച്ച് മന്ത്രി കൈമാറി.

ചടങ്ങിൽ പി. നന്ദകുമാർ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ജലീൽ എംഎ‍ൽഎ, ജില്ലാ കളക്ടർ വി.ആർ പ്രേം കുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, അസിസ്റ്റന്റ് കളക്ടർ കെ. മീര, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, പെരിന്തൽമണ്ണ എ.എസ്‌പി ഷഹൻ ഷാ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാമകൃഷ്ണൻ, അഡ്വ. ഇ സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടീച്ചർ, കല്ലാട്ടേൽ ഷംസു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്തിന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് പൊന്നാനിയിൽ ഒരുക്കിയിരുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ, ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകളും ഇവ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ 36 കൗണ്ടറുകളും അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും ലഭ്യമാക്കിയിരുന്നു.