മലപ്പുറം: രണ്ടും മൂന്നും ക്ലാസുകളിൽ പഠിക്കുന്ന മലപ്പുറത്തെ രണ്ടുപെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്‌നാട് സ്വദേശിക്ക് മഞ്ചേരി അതിവേഗ പോക്‌സോ സ്‌പെഷ്യൽ കോടതി (രണ്ട്) 20 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തമിഴ്‌നാട് കോയമ്പത്തൂർ കൽപ്പാത്തി വിരിയം പാളയം റോഡ് തിരുമുരുകൻ നഗറിൽ ബ്രയിൻയംഗിന്റെ മകൻ ലിസ്റ്റർ യംഗ് (62) നെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2017 സെപ്റ്റംബർ ഒന്നിനും തുടർന്ന് പലതവണയും രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളായ പെൺകുട്ടികളെ കോട്ടക്കൽ അരിച്ചോൾ ഉദരാണിയിലെ പ്രതിയുടെ ക്വാർട്ടേഴ്‌സിൽ വെച്ച് ലൈതികാതിക്രമം നടത്തി മാനഹാനി വരുത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ എസ് ഐയായിരുന്ന ആർ വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എസ് ഐയായിരുന്ന റിയാസ് ചാക്കീരിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ഇരു കേസുകളിലും പോക്‌സോ ആക്ടിലെ 9 (എൽ) വകുപ്പ് പ്രകാരവും 9 (എം) പ്രകാരവും അഞ്ചു വർഷം വീതം കഠിന തടവ് 5000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം വീതം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. രണ്ടു വകുപ്പുകളിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. ഇരു കേസുകളിലും ശിക്ഷ ആരംഭിക്കുന്നത് ഒരു ദിവസമായതിനാൽ ഫലത്തിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ എൻ മനോജ് ഒരു കേസിൽ 16ഉം രണ്ടാമത്തെ കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു.

രണ്ടൂ കേസുകളിലുമായി 15 വീതം രേഖകളും ഹാജരാക്കി. ഇന്നലെ മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിലേക്ക് മാറ്റിയ പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയക്കും.