കോതമംഗലം: സിസേറിയനെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളിൽ ജിഷ ബെന്നി(33)യാണ് മരണപ്പെട്ടത്. രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയൻ നടത്തിയിരുന്നു. വൈകിട്ട് രക്തസ്രാവം ശക്തമായി.തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിക്കുകയുമായിരുന്നു.

ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി. തുടർന്ന് ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെ സിസേറിയൻ കഴിഞ്ഞപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ആവശ്യമായ മരുന്നുകൾ നൽകിയെന്നും വിദഗ്ധ ചികത്സ ലഭ്യമാക്കേണ്ടതിനാൽ റഫർ ചെയ്യുകയായിരുന്നെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു പറഞ്ഞു.

രക്തസ്രാവം കണ്ടത് മുതൽ ഇത് നിയന്ത്രിക്കുന്നതിന് മെഡിക്കൽ സംഘം പരാവധി ശ്രമിച്ചു.രക്തം കട്ടപിടിക്കുന്നതിനുള്ള അണുക്കൾ കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി.

ഇതിന് സാധാരണ രക്തം നൽകിയാൽ പെട്ടെന്ന് ഫലം കിട്ടില്ല. ഘടകങ്ങൾ വേർതിരിച്ച രക്തം നൽകുകയാണ് പോംവഴി. ഇതിന് നിലവിൽ ഈ ആശുപത്രിയിൽ സംവിധാനം ഇല്ല, അതുകൊണ്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുകയല്ലാതെ മറ്റുവഴികൾ ഇല്ലായിരുന്നു.ഡോക്ടർ വിശദമാക്കി.