- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരീഷ് പേങ്ങനു വേണ്ടി ടോവിനൊ വലിയ ഒരു തുക നൽകി സഹായിച്ചു; ഒരു കൊച്ചു കുട്ടി പണം അയച്ചു നൽകിയത് മറക്കാനാവില്ല: സുഹൃത്തും സംവിധായകനുമായ മനോജ് കെ.വർഗീസ്
കരൾ രോഗത്തെ തുടർന്ന് അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ടൊവിനോ തോമസ് ഒരു വലിയ തുക നൽകി സഹായിച്ചിരുന്നുവെന്ന് ഹരീഷിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ.വർഗീസ്. ''ഹരീഷിന്റെ രോഗവിവരം അറിഞ്ഞു പത്തു മിനിറ്റിനുള്ളിൽ ടൊവിനോ പണം അയയ്ക്കുകയും ഇനി ആവശ്യം വന്നാൽ അറിയിക്കണം എന്ന് പറയുകയും ചെയ്തിരുന്നു. സഹോദരി പകുത്തു നൽകാൻ തയ്യാറായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. ഒരു ചെറിയ കുട്ടി ഹരീഷിന് വേണ്ടി ഏഴു രൂപ അയച്ചത് ഒരിക്കലും മറക്കാനാകില്ല.
നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരുടെ സ്‌നേഹവും പ്രാർത്ഥനയും വിഫലമാക്കിക്കൊണ്ടാണ് ഹരീഷ് പേങ്ങൻ എന്ന സ്‌നേഹത്തിന്റെ ആൾ രൂപം കടന്നുപോകുന്നത്. ഹരീഷിന്റെ ചികിത്സയ്ക്കായി പതിനേഴ് ലക്ഷം രൂപയോളം ഇതുവരെ ചെലവായിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവൻ കണക്കും ചെലവായ തുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെ ഉടൻതന്നെ കുടുംബം പുറത്തുവിടു'' മനോജ് കെ വർഗീസ് പറഞ്ഞു.
''ഹരീഷ് എന്റെ അയൽവാസിയും അടുത്ത സുഹൃത്തുമാണ്. കുട്ടിക്കാലം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഹരീഷ് ഒരു സിനിമയുടെ ഡബ്ബിങ്ങിനു പോയപ്പോഴാണ് വയറുവേദന അനുഭവപ്പെട്ടത്. മുൻപ് പാൻക്രിയാസുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അന്ന് അമൃതയിൽ ആണ് ചികിൽസിച്ചത്, അതുകൊണ്ടാണ് ഇത്തവണയും അമൃതയിലേക്കു പോയത്. കൂടുതൽ പരിശോധനകൾക്കു വേണ്ടി ഹരീഷിനെ അഡ്‌മിറ്റ് ചെയ്തു. പക്ഷേ പിറ്റേദിവസം പെട്ടെന്ന് ബിപി കുറഞ്ഞു, ശ്വാസം എടുക്കാൻ പോലും പറ്റാത്ത അവസ്ഥയായി. സ്‌കാൻ ചെയ്തപ്പോൾ ചെറുകുടലിൽ മുഴുവൻ ഇൻഫക്ഷൻ ആയി അമോണിയ രക്തത്തിൽ കലർന്നിട്ടുണ്ടെന്ന് അറിഞ്ഞു. ആ സ്‌കാനിൽ ആണ് മനസ്സിലായത് കരൾ മുക്കാൽ ഭാഗത്തോളം നശിച്ചിരിക്കുകയാണെന്ന്. കരൾ മാറ്റിവയ്ക്കൽ മാത്രമേ ഇനി രക്ഷയുള്ളൂ എന്നും ഡോക്ടർമാർ പറഞ്ഞു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരൾ നൽകാൻ തയാറായി. പരിശോധനയിൽ അത് മാച്ച് ആകും എന്ന് മനസ്സിലായി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
കരൾ കൊടുക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സയ്ക്കും നാൽപതു ലക്ഷത്തോളം രൂപ വേണ്ടിവരും. അതു കണ്ടെത്താനുള്ള ശ്രമമായി പിന്നീട്. വിവരം ഞാൻ ഇടവേള ബാബുവിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് 'അമ്മ'യുടെ അംഗം അല്ലാത്തതിനാൽ സഹായിക്കാൻ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണ്. എന്നാലും പലരും പോസ്റ്റ് ഇടുകയും പണം കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്നു ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകവേ ഹരീഷിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. രണ്ടു ദിവസം മുമ്പ് പെട്ടെന്ന് അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി. ടെസ്റ്റ് ചെയ്ത് രക്തസ്രാവത്തിന്റെ സ്രോതസ് കണ്ടെത്തി അത് തടഞ്ഞെങ്കിലും അടുത്ത ഇടത്ത് രക്തസ്രാവം വീണ്ടും തുടങ്ങി. ഹീമോഗ്ലോബിൻ അപകടകരമായ സ്ഥിതിയിലേക്ക് താഴ്ന്നപ്പോൾ രക്തം നൽകി. പക്ഷേ ഹീമോഗ്ലോബിന്റെ അളവ് കൂടിയില്ല. ഇന്നലെ ആയപ്പോഴേക്കും അവസ്ഥ വഷളായി, അദ്ദേഹം നമ്മെ വിട്ടുപോവുകയായിരുന്നു. ജീവൻ തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ആദ്യമായി സിനിമയിൽനിന്ന് പ്രതിഫലം വാങ്ങിയത് എന്റെ കയ്യിൽ നിന്നാണ് എന്ന് ഹരീഷ് പറയാറുണ്ട്. ഞാൻ ഒരു പരസ്യചിത്രം ചെയ്യുന്ന സമയത്ത് പ്രൊഡക്ഷൻ ബോയിക്ക് ഒരു അസൗകര്യമുണ്ടായി. ഞാൻ ഹരീഷിനോട് പറഞ്ഞു 'എടാ പ്രൊഡക്ഷൻ ബോയ് ഇല്ല, ആഹാരകാര്യങ്ങൾ ഒന്നും അറേഞ്ച് ചെയ്തിട്ടില്ല എന്ത് ചെയ്യും', അപ്പോൾ അവൻ പറഞ്ഞു, 'ചേട്ടൻ വിഷമിക്കണ്ട എന്റെ കയ്യിൽ ആളുണ്ട്. ഞാൻ ശരിയാക്കി തരാം'. ഹരീഷിന് ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. പിറ്റേ ദിവസം ഹരീഷ് കുറച്ചു പാത്രങ്ങളുമായി സെറ്റിൽ എത്തി. ഹരീഷ് തന്നെയാണ് പിന്നീട് പ്രൊഡക്ഷൻ ബോയ് ആയി പ്രവർത്തിച്ച് ആഹാര കാര്യങ്ങളൊക്കെ നോക്കിയത്. അവിടെ നിന്നായിരുന്നു തുടക്കം. അഭിനയത്തിൽ താൽപര്യമുണ്ടായിരുന്ന ഹരീഷ് പ്രാദേശിക നാടകങ്ങളിൽ ഒക്കെ പങ്കെടുക്കുമായിരുന്നു. ഒരു ബ്രേക്ക് കിട്ടിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയയിലെ 'പേങ്ങൻ' എന്ന കഥാപാത്രത്തിൽ നിന്നാണ്. അങ്ങനെയാണ് ഹരീഷ് പേങ്ങൻ എന്ന പേര് വീണത്. നല്ല കഥാപാത്രങ്ങൾ ഒരുപാട് കിട്ടി, പലതും പകുതിവഴിയിൽ ആയിരിക്കും. നല്ല ഒരുപാട് കഥാപാത്രങ്ങൾ അവശേഷിപ്പിച്ചാണ് ഹരീഷ് മടങ്ങുന്നത്.
അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിയിച്ചപ്പോൾ നടൻ ടൊവിനോ തോമസ് വളരെ നല്ലൊരു സംഖ്യ അയച്ചു തന്നിരുന്നു. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അദ്ദേഹത്തോട് കാര്യം പറഞ്ഞു പത്തു മിനിറ്റിനകം പണം അയച്ചു, എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണം എന്ന് പറയുകയും ചെയ്തു. ഹരീഷിനോട് അടുപ്പമുള്ള കുറച്ചു സുഹൃത്തുക്കളും ടെക്‌നിഷ്യൻസും സഹായിച്ചു. ഒരുപാട് പേര് സഹായിക്കാം എന്നൊക്കെ പറഞ്ഞിരുന്നു.
ഒരു ദിവസം ഞാൻ നോക്കിയപ്പോൾ ഒരാൾ 7 രൂപ അയച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ വന്നു. ഹരീഷിനെക്കുറിച്ചുള്ള വാർത്ത മനോരമയിൽ കണ്ടിട്ട് ഒരു കൊച്ചു കുട്ടി അവന്റെ കയ്യിൽ ഇരുന്ന 7 രൂപ എത്രയും പെട്ടെന്ന് അയച്ചു കൊടുക്കണം എന്ന് പറഞ്ഞിട്ട് അച്ഛൻ അയച്ചതാണ്. അച്ഛൻ കുട്ടിയോട് പറഞ്ഞു 'മോനെ ഞാൻ പണം വേറെ അയയ്ക്കുന്നുണ്ട്. കുട്ടി പറഞ്ഞു അച്ഛൻ വേറെ അയച്ചോളൂ ഈ ഏഴുരൂപ എനിക്ക് അയക്കണം.' അവന്റെ നിർബന്ധത്തിൽ അച്ഛൻ അയച്ചതാണ് ആ ഏഴു രൂപ. അദ്ദേഹം എന്നെ വിളിച്ച് ഏഴു രൂപ അയച്ചതിൽ സോറി പറഞ്ഞു. കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു ഇത് ഏഴുരൂപയല്ല, ഈ പണത്തിന്റെ വില നമുക്ക് മതിക്കാൻ സാധ്യമല്ല, ആ കുഞ്ഞിന്റെ സ്‌നേഹവും പ്രാർത്ഥനയുമാണ് ഈ ഏഴുരൂപ. അത്തരത്തിൽ ആണ് സ്‌നേഹം ഹരീഷിന് വേണ്ടി പ്രവഹിച്ചത്. പക്ഷേ ആ സ്‌നേഹവും പ്രാർത്ഥനയും വിഫലമായി.
ഹരീഷിന് വേണ്ടി പതിനേഴ് ലക്ഷം രൂപയോളം ഇതുവരെ ചെലവായിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവൻ കണക്കും ചെലവായ തുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പടെ ഉടൻതന്നെ കുടുംബം പുറത്തുവിടും. ഹരീഷിന് വേണ്ടി പണം വാങ്ങിയിട്ട് കരൾ മാറ്റി വയ്ക്കൽ നടന്നതുമില്ല, പണം തട്ടിയെടുത്തു എന്ന പഴി പിന്നീട് ഒരിക്കൽ കേൾക്കരുത്. ഹരീഷിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോട് കൂടി സംസ്‌കരിക്കും.'' മനോജ് കെ വർഗീസ് പറഞ്ഞു.