മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിലുള്ള ഈവർഷത്തെ ആദ്യ ഹജ് വിമാനം ഇന്നു പുലർച്ചെ 1.45നു പുറപ്പെട്ടു. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം കണ്ണൂരിൽ ഇന്നു പുലർച്ചെ 1.45 നും കരിപ്പൂരിൽ പുലർച്ചെ 4.25 നും കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവ്വഹിച്ചു.

പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.എംപി മാരായ എംപി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്‌റാഹീം എംഎ‍ൽഎ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദു സലാം, സഫർ കയാൽ , പി.ടി അക്‌ബർ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐ.എക്‌സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്‌സ് 3021 നമ്പർ വിമാനവും . ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 11,121 പേർക്കാണ് ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 1369 പേർ എഴുപത് വയസ് പൂർത്തിയായ റിസർവേഷൻ കാറ്റഗറിയിലുള്ളവരും 2733 പേർ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗവും ശേഷിക്കുന്ന 7019 പേർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.

കോഴിക്കോട് എംബാർക്കേഷൻ വഴി 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉൾപ്പടെ 6934 പേരും കണ്ണൂരിൽ നിന്നും 759 പുരുഷന്മാരും 1184 സ്ത്രീകളും അടക്കം 1943 പേരും കൊച്ചിയിൽ നിന്നും 903 പുരുഷന്മാരും 1341 സ്ത്രീകളും അടക്കം 2244 പേരാണ് യാത്രയാവുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ്സും കൊച്ചിയിൽ നിന്നും സഊദി എയർലൈൻസ് വിമാനവുമാണ് ഹാജിമാരെ കൊണ്ടുപോവുക.

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ഐ.എക്‌സ് 3027 പുലർച്ചെ 1.45 ന് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 5.45 ന് ജിദ്ധയിലെത്തും. ഇതിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് യാത്രയായത്.