തൊടുപുഴ: നഗരമധ്യത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നും ഓട്ടുരുളി ഉൾപ്പെടെയുള്ള സാധന-സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച 4 അംഗ സംഘം പൊലീസ് പിടിയിൽ.

വീട്ടിൽ നിന്നും അടിച്ചുമാറ്റിയ വലിയ ഓട്ടുരുളി വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനായി മോഷ്ടാക്കളിൽ ഒരാൾ ഓട്ടോറിക്ഷ വിളിച്ചിരുന്നു. യാത്രയ്ക്കിടെ സംശയം തോന്നിയ ഡ്രൈവർ വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരങ്ങൾ പ്രകാരം യാത്രക്കാരനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തനിക്കൊപ്പം മറ്റ് 3 പേർകൂടിയുണ്ടെന്നും ഇവർ വീട്ടിൽ സാധനങ്ങൾ ഓരോന്നായി തപ്പിയെടുത്ത് പുറത്തേയ്ക്ക് മാറ്റാൻ തയ്യാറെടുക്കുകയാണെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കൽ മണികണ്ഠൻ(27),സഹോദരൻ കണ്ണൻ(37),പാലക്കാട് മണ്ണാർക്കാട് പുള്ളിക്കുന്ന് കുഴിമ്പാടത്ത് വീട്ടിൽ ഷെമീർ(31),വെങ്ങല്ലൂർ പരുന്തുംകുന്നേൽ(38) എന്നിവരെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ കണ്ണനാണ് ഓട്ടോയിൽ ഉരുളി വിൽക്കാൻ കൊണ്ടുപോയത്.തുടർന്ന് എസ്ഐ സിദ്ദിഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാക്കളെ കയ്യോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കണ്ണൻ, മണികണ്ഠൻ,ഷെമീർ എന്നിവർക്കെതിരെ തൊടുപുഴ ,മുട്ടം സ്റ്റേഷനുകളിൽ സമാന കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്നും മദ്യപിക്കാൻ പണം സംഘടിപ്പിക്കാനാണ് വീട്ടിൽ മോഷണത്തിന് കയറിയതെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.