- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തിയത് സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷൻ; പുനലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മരണമൊഴി പുറത്ത്; ബിജെപി കരിദിനം ആചരിക്കും
കൊല്ലം: കൊല്ലം പുനലൂരിൽ കുത്തേറ്റ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സുമേഷിന്റെ മരണമൊഴി പുറത്ത്. സിപിഎം കൗൺസിലറായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്നാണ് കൊല്ലപ്പെട്ട സുമേഷിന്റെ മൊഴി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചപ്പോൾ സുമേഷ് പറഞ്ഞ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. സുമേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ പുനലൂരിൽ കരിദിനം ആചരിക്കും.
ഇന്നലെ വൈകിട്ടാണ് കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകൻ സുമേഷ് മരിച്ചത്. സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയത് എന്നാണ് സുമേഷ് നൽകിയിരുന്ന മൊഴി.
അതേസമയം, സിപിഎം കൗൺസിലറായ അരവിന്ദാക്ഷൻ കാലിന് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം പ്രവർത്തകരായ നിധിൻ സജികുമാർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരവിന്ദാക്ഷന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുമേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി ആവർത്തിക്കുന്നുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രദേശത്തെ വായനശാലയിലെ പരിപാടിക്കിടെ സുമേഷിന്റെ സുഹൃത്തും കൗൺസിലറായ അരവിന്ദാക്ഷനും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാൻ അരവിന്ദാക്ഷൻ സുഹൃത്തുക്കളുമായി എത്തിയപ്പോഴാണ് സുമേഷിനേയും കുത്തി വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ പുനലൂരിൽ കരിദിനം ആചരിക്കും.
മറുനാടന് മലയാളി ബ്യൂറോ