തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇനിയും എത്തിയില്ല. ഞായറാഴ്ച കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല. ഞായറാഴ്ച ശക്തമായ മഴയ്ക്കു സൂചന നൽകി ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത് കാലാവസ്ഥ വകുപ്പ് പിന്നീട് പിൻവലിച്ചു.

ഇന്നു തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.