മലപ്പുറം: മലപ്പുറത്തുനിന്നും നാടുകടത്തിയ രണ്ടുപേർ വിലക്ക് ലംഘിച്ച് വീണ്ടുമെത്തി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണു ഇരുവരേയും കാപ്പ ചുമത്തി മലപ്പുറത്തുനിന്നും നാടുകടത്തിയിരുന്നത്. വിലക്ക് ലംഘിച്ച് പ്രതികൾ മലപ്പുറം ജില്ലയിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു വീണ്ടും പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമം ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്നാസ് (38) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. നിരവധി വധശ്രമക്കേസുകളിലും, കഞ്ചാവ്, എംഡിഎംഎ ലഹരിക്കടത്ത്, ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അജ്നാസിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അജ്നാസ് വീട്ടിലെത്തിയിട്ടുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പെരിന്തൽമണ്ണ എസ്‌ഐ. ഷിജോ.സി.തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിൽനിന്നും പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പൊലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിയിലെ മുതുകുളവൻ ഫായിസ് എന്ന പാണ്ഡ്യനെ(24) ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് , പോക്സോ ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഫായിസ്. ഇയാൾ വീട്ടിലെത്തിയിട്ടുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ വച്ചാണ് ഇയാളെ പിടികൂടിയത്