മലപ്പുറം: ജയിലിലേക്ക് കഞ്ചാവും ഹാഷിഷും കടത്തുന്ന പ്രധാനി പിടിയിൽ. ആയിരനാഴിപ്പടി മില്ലിനു സമീപം വച്ചാണ് ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പിൽ വീട്ടിൽ വിജേഷിനെ (29) കാർ സഹിതം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 280 ഗ്രാം കഞ്ചാവും 6.90 ഗ്രാം ഹാഷിഷ് ഓയിലും മങ്കട പൊലീസ് പിടിച്ചെടുത്തു.

ജയിലിന് അകത്തേക്ക് ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചും മറ്റും ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിവരവെയാണു ഇയാൾ പിടിയിൽ ആയത്. അസുഖമാണെന്ന വ്യാജേന ജയിലിൽ നിന്നും പല പ്രതികളും ചികിത്സക്ക് വരുന്ന സമയത്ത് ഇത്തരം ലഹരി കടത്തുകൾ നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും എടവണ്ണ കൊലപാതക കേസിൽ തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് കരുതിയിരുന്നതെന്ന് പ്രതി മൊഴി നൽകി. എടവണ്ണ കൊലപാതക കേസിലെ പ്രതിയായ പുളിയക്കോടൻ അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ശുചിമുറിയിൽ ഒളിപ്പിച്ച് വെച്ച് കൈമാറ്റം ചെയ്യാനുള്ള പദ്ധതിയാണ് പൊലീസ് തകർത്തത്.

2021ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോയി കൂട്ടായ്മ കവർച്ച നടത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ. ഈ കേസിൽ വിചാരണ നേരിട്ടു വരവെയാണ് ലഹരി കടത്തിന് അറസ്റ്റിൽ ആകുന്നത്. ഇതിന്റെ കണ്ണികളെ കണ്ടെത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ പി. വിഷ്ണു അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർ ഉദയൻ, എഎസ്ഐ മുഹമ്മദ് ഫൈസൽ, പൊലീസുകാരായ സുഹൈൽ, നവീൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.