മലപ്പുറം: യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ടാണ നാശേരിൽ മനീഷിനെ (46) യാണ് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. അബ്രഹാം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിനു പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത്.

സംഭവം അഞ്ചിനു സഹകരണ സംഘം ഭാരവാഹികളെ അറിയിച്ചിരുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കാമെന്ന് സഹകരണ സംഘം അധികൃതർ ഉറപ്പു നൽകിയതായാണ് യുവതി പറഞ്ഞത്. കഴിഞ്ഞ 12 ന് നിലമ്പൂർ ഡിവൈഎസ്‌പിക്ക് യുവതി പരാതി നൽകി. തിങ്കളാഴ്ച രാത്രിയോടെ മനീഷിനെ അറസ്റ്റ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേ സമയം വീട്ടിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ നടത്താനെന്ന പേരിൽ വീട്ടിലെത്തി 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ പൂജാരി കഴിഞ്ഞ ദിവസം എടവണ്ണയിൽ അറസ്റ്റിലായിരുന്നു. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറം എടവണ്ണയിലെ വീട്ടിലെത്തിയ എടക്കര സ്വദേശി ഷിജു (35) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം.