മലപ്പുറം: കൊലപാതശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി തെക്കുട്ട് വീട്ടിൽ ആക്കിഫിനെ (24) കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. വടിവാൾ, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ട് തവണ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അടിപിടി കേസിലുൾപ്പെട്ട് ഒരുമാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 5 വർഷക്കാലയള വിനുള്ളിൽ മത്രം ഇയാൾ കൊലപാതശ്രമം, സംഘം ചേർന്ന് ആയുധം കൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപ്പിക്കൽ, ലഹളയുണ്ടാക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടിയുണ്ടാക്കുകയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്ന ഇയാൾ ആളുകളുടെ സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്നു.

കാപ്പ - 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആക്കിഫിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്. സമൂഹത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തി ക്രമസമാധാനം തകർക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരിക യാണെന്നും, ജില്ലയിൽ ഈ വർഷം 6 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയും, 15 പേരെ നാടുകടത്തുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പെരുമ്പടപ്പ് ഇൻസ്പക്ടർ സുരേഷ് ഇ.പി. യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലേഷ്, സി.പി.ഓ മാരായ ഉദയകുമാർ, പ്രവീൺ, വിഷ്ണുനാരായണൻ തുടങ്ങി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വോഡ് അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.