മലപ്പുറം: വയോധികയെ റബർ തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പരോളിൽ കഴിയവെ ശ്വാസംമുട്ടി മരിച്ചു. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് എസ്ടി കോളനിയിലെ ചാത്തൻ (53)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൂരി എന്ന വയോധികയെ 2007-ൽ ചുള്ളിയോട് പാൽ സൊസൈറ്റിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ ചാത്തൻ കഴിഞ്ഞ 19 നാണ് ഒരു മാസത്തെ പരോളിൽ ഇറങ്ങിയത്. ശ്വാസംമുട്ടൽ ഉൾപ്പെടെ ഒട്ടേറെ അസുഖങ്ങളുള്ളതിനാൽ മരുന്നുകഴിച്ചു വരികയായിരുന്നു.

വീട്ടുകാരാണ് ഞായറാഴ്ച ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ കോടതി മജിസ്ട്രേറ്റ് സാറാ ഫാത്തിമ, നിലമ്പൂർ തഹസിൽദാർ എംപി. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറത്ത് നിന്നു പൊലീസ് ഫോട്ടോഗ്രാഫർമാരായ വിനോദ്, വിമൽ, കണ്ണൂർ ജയിൽ ഡിപിഒ പ്രതീഷ് എന്നിവർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. നിലവിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി എന്ന നിലയിൽ എല്ലാ നിയമനടപടികളും പൂർത്തീകരിച്ചാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോയത്. പൂക്കോട്ടുംപാടം സിഐ സുകുമാരന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു.

ഭാര്യ: പരേതയായ നങ്ക. മക്കൾ: സിന്ധു, ലക്ഷ്മി. മരുമകൻ: ഷിജു. സംസ്‌കാരം ചൊവ്വാഴ്‌ച്ച ഉച്ചക്ക് ഒന്നിനു ചെട്ടിപ്പാടം പൊതുശ്മശാനത്തിൽ.