കോഴിക്കോട്: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായി ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കോഴിക്കോട് കാട്ടിലപ്പീടികയിലെ കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസം പിന്നിടുന്നു. കേരളത്തിലുടനീളം സമരാവേശത്തെ ആളിക്കത്തിക്കുവാൻ കാട്ടിലപ്പീടികയിലെ സമര കേന്ദ്രം കാരണമായിരുന്നു.

എന്നാൽ പദ്ധതി പിൻവലിച്ചുകൊണ്ട് ഇതുവരെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം. വിജ്ഞാപനം നിലനിൽക്കുന്നതുകൊണ്ട് സ്ഥലം വിൽക്കുവാനോ ലോണെടുക്കുവാനോ കഴിയാത്ത സ്ഥിതിയിലാണ് പല വീട്ടുകാരും. അടിയന്തരാവശ്യങ്ങൾക്ക് ബാങ്കിനെ സമീപിക്കുമ്പോൾ ബാങ്കുകൾ ലോൺ തരാൻ തയ്യാറാവുന്നില്ലെന്ന് പ്രതിരോധ സമിതി ചെയർമാൻ ടി ടി ഇസ്മയിലും ജനറൽ കൺവീനർ കെ മൂസക്കോയയും പറഞ്ഞു.

പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിയുന്നില്ലെന്ന് മാത്രമല്ല പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
2020 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് കാട്ടിലപ്പീടികയിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജൂൺ 28 ന് ആയിരം ദിവസം പൂർത്തിയാകും. ഇതോടനുബന്ധിച്ച് ജൂലൈ ആറിന് കാട്ടിലപ്പീടികയിൽ വിപുലമായ ജനകീയ സമ്മേളനം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എം ഷാജി, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ സംബന്ധിക്കും.

സത്യഗ്രഹം ആയിരം ദിവസം പൂർത്തിയാകുന്ന ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരാചരണവും നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കെ റെയിൽ പദ്ധതി പിൻവലിക്കണമെന്നാണ്
കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെടുന്നത്. ഹരിത പദ്ധതി എന്ന സർക്കാരിന്റെ കള്ള പ്രചാരണങ്ങളെ സമിതി ആദ്യ ഘട്ടത്തിൽ തന്നെ തുറന്നു കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ പഠന റിപ്പോർട്ട്. കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഗുരുതരമായി ബാധിക്കുന്നതാണ് പദ്ധതിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം ഒട്ടേറെ വിദഗ്ദ്ധർ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കുന്നു.

പ്രശാന്ത് ഭൂഷൺ, രാകേഷ് ടിക്കായത്ത്, രാജേന്ദ്ര സിങ്, മേധ പട്കർ, ദയാബായ്, എസ് പി ഉദയകുമാർ, തുഷാർ ഗാന്ധി, മീരാസംഗമിത്ര, പ്രഫുല്ല സാമന്തരാ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ ഇതിനകം സമര കേന്ദ്രം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങോട്മല സംരക്ഷണ സമിതി, കരിമണൽ ഖനന വിരുദ്ധ സമിതി, വിളപ്പിൽശാല സമര സമിതി, എൻഡോസൾഫാൻ സമര സമിതി തുങ്ങിയ ജനകീയ സമര സമിതിയ പ്രതിനിധികളും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

ഓണനാളിൽ പട്ടിണി സമരം, പ്രതിഷേധാത്മക അത്തപ്പൂക്കളം, പ്രതിഷേധ ബൈക്ക് റാലി, പോരാളികളുടെ സംഗമം, പ്രതീകാത്മകമായി സർവ്വേക്കല്ല് അറബിക്കടലിൽ എറിയൽ, അടുപ്പുകൂട്ടൽ സമരം, അഭയാർത്ഥികളുടെ പലായനം, കലക്ട്രേറ്റ് ധർണ്ണകൾ തുടങ്ങി നിരവധി സമരങ്ങൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. നാല് തവണ സെക്രട്ടറിയേറ്റിലെക്ക് മാർച്ച് നടത്തിയും പ്രതിഷേധിച്ചു. നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം.