തൊടുപുഴ: ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞു രാത്രിയിൽ സ്‌കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്‌സിനു നേരെ ലൈംഗികാതിക്രമം. നഴ്‌സിന്റെ സ്‌കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്‌കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിച്ചു. സ്‌കൂട്ടർ നിർത്തി യുവതി ബഹളം വെച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. തൊടുപുഴ വണ്ണപ്പുറത്തു വ്യാഴാഴ്ച രാത്രി 8.30നാണു സംഭവം.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെയാണ് ആക്രമണം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വണ്ണപ്പുറം ടൗണിൽനിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ നേരത്താണ് ആക്രമണം. സ്‌കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിൽ നിന്നു ബൈക്കിലെത്തിയാണ് ഉപദ്രവിച്ചത്. ഭയന്നുപോയ യുവതി സ്‌കൂട്ടർ നിർത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.