- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയോലപ്പറമ്പിൽ തുണിക്കടയ്ക്ക് തീ പിടിത്തം; സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു; കാർ അഗ്നിക്കിരയായി: ലക്ഷങ്ങളുടെ നാശനഷ്ടം
തലയോലപ്പറമ്പ്: മിനി സിവിൽ സ്റ്റേഷനു സമീപം തുണിക്കടയ്ക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. തലയോലപ്പറമ്പ് -കോട്ടയം റോഡരികിൽ ഇന്ത്യൻ കോഫി ഹൗസിനു എതിർവശം പ്രവർത്തിക്കുന്ന ഫാബ്സ് എന്ന സ്ഥാപനത്തിന്റെ തയ്യൽ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. സമീപത്തു പാർക്ക് ചെയ്തിരുന്ന കാറും അഗ്നിക്കിരയായി. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് തീ പിടിത്തം ഉണ്ടായത്.
20 ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. പുല്ലംപറമ്പിൽ ബിന്ദു ഷെൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. സമീപത്തു മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവര്ഡ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തീ സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്കു പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തയ്യൽ യൂണിറ്റിൽ ഓണവിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി തുണിത്തരങ്ങളുടെ സ്റ്റോക്കും ഇറക്കിയിരുന്നു. പുറത്തു നിന്നു പലരുടെയും വിവാഹ ആവശ്യത്തിനുള്ള തുണിത്തരങ്ങൾ തയ്ക്കാൻ ഏൽപിച്ചതും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
തുണിക്കട അഗ്നിക്കിരയായതിനൊപ്പം കടയുടെ പുറത്തു പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗവും കത്തിനശിച്ച നിലയിലായിരുന്നു.
അഗ്നിശമന സേനയുടെ വൈക്കം സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ കടുത്തുരുത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയൻ എന്നിവരുടെ നേതൃത്വത്തിൽ വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നു നാലു ഫയർ യൂണിറ്റ് എത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണു തീ നിയന്ത്രണവിധേയമാക്കിയത്.