കൊല്ലം: സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലെ പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ കെ.പി. 14/13 എസ്.എ.നിവാസിൽ അൽഹാദ് (42) ആണ് പിടിയിലായത്. കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. സീറ്റ് വാങ്ങിനൽകാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.

പെൺകുട്ടിയുടെ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് 10.57 ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. 2019 മുതൽ പലതവണയായാണ് ഇയാൾ പണം തട്ടിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല, കന്റോൺമെന്റ്, വഞ്ചിയൂർ സ്റ്റേഷനുകളിൽ സമാനരീതിയിൽ തട്ടിപ്പു നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം ജില്ലയിൽ മറ്റാരെയെങ്കിലും ഇതേരീതിയിൽ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സി.പി.ഒ. ദീപുദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.