- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകസിവിൽ കോഡ് രാജ്യത്തിന് അനിവാര്യം; മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നത് തെറ്റായ പ്രചരണം:ഹമീദ് ചേന്നമംഗലൂർ
കണ്ണൂർ: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും നിയമം നടപ്പിലായാൽ മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം തെറ്റായ പ്രചരണമാണെന്നും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ഹമീദ് ചേന്നമംഗലൂർ പറഞ്ഞു. കണ്ണൂരിൽ ബ്ലൂ ഇങ്ക് ബുക്സ് ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടന ചടങ്ങിൽ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാർ കൊണ്ടുവരുന്നു എന്നതിനാൽ കണ്ണടച്ച് എതിർക്കുന്നതിൽ അർത്ഥമില്ല. 50 വർഷക്കാലം രാജ്യം ഭരിച്ച കോൺഗ്രസിന് ലിംഗ സമത്വം സംബന്ധിച്ച വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. പുരുഷ മേധാവിത്വ നിയമങ്ങളുടെ കാവൽ ഭടന്മാരായ പുരോഹിതന്മാർക്ക് മാത്രമാണ് നിയമം എതിരാവുന്നത്. നിയമം നിലവിൽ വന്നാൽ രാജ്യത്ത് ലിംഗ സമത്വവും നീതിയും യാഥാർത്ഥ്യമാകും. ഇസ്ലാം മതമുൾപെടെ പല മതങ്ങളിലും സ്ത്രീകൾ ഇപ്പോഴും തുല്യ നീതി ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ്. വിവിധ സമുദായങ്ങളിൽ വിത്യസ്ത വ്യക്തി നിയമങ്ങളാണ് നിലവിലുള്ളത്. ഇതിൽ സ്വാതന്ത്ര്യാനന്തരം ഹൈന്ദവ വിശ്വാസികളുടെ 90 ശതമാനം വ്യക്തി നിയമങ്ങളും പല ഘട്ടങ്ങളിലായി പരിഷ്ക്കരിക്കപ്പെട്ടു. ബാക്കിയുള്ളവ കൂടി മാറേണ്ടതുണ്ട്.
ഇസ്ലാം മതത്തിൽപ്പെട്ടവരാണ് ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുന്നത്. മുസ്ലിം മതസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം. ഈ വാദം അടിസ്ഥാനരഹിതമാണ്. കാരണം മുസ്ലിം സ്ത്രീകൾക്ക് പുരുഷന്മാരുടെ പകുതി സ്വത്തെന്ന നിയമവും ബഹുഭാര്യത്വവും കുട്ടികളുടെ രക്ഷാകർത്തൃത്വം സംബന്ധിച്ചുള്ള നിലവിലുള്ള വ്യക്തി നിയമങ്ങൾ ഇല്ലാതാവും. ഇതെങ്ങനെ മത സ്വാതന്ത്ര്യത്തെ ഹനിക്കലാവും. മതാനുഷ്ഠാനങ്ങളുടേയോ ആചാരങ്ങളുടേയോ ഏകീകരണം സാധിക്കുകയല്ല നിയമത്തിന്റെ ലക്ഷ്യം. കുടുംബ നിയമങ്ങളുടെ ഏകീകരണമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
സാംസ്കാരിക സ്വത്വം, രാജ്യത്തിന്റെ ബഹു സുരത എന്നിവ നഷ്ടപെടുമെന്നും കുപ്രചരണം നടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നിലനിന്നിരുന്ന മത ശിക്ഷാ നിയമം മാറിയതു കൊണ്ട് ഇസ്ലാമിക സാംസ്കാരികതയ്ക്കും ബഹുസ്വരതയ്ക്കും വല്ലതും സംഭവിച്ചുവോ. രാജ്യത്തെ ബഹുസ്വരതയെ കുറിച്ച് പറയുന്ന സമുദായം സ്വന്തം സമുദായത്തിനുള്ളിൽ ഈ ആശയം അംഗീകരിച്ചുവോ. സമുദായത്തിലെ തെറ്റായ പ്രവണതകളെ വിമർശിച്ച ചേകന്നൂർ മൗലവിയടക്കമുള്ളവരെ ഇല്ലാതാക്കിയതിനെതിരെ മനസ്സറിഞ്ഞ് ഇത്തരം അധിക്ഷേപിക്കാൻ ബഹുസ്വരത പറയുന്ന സമുദായ സ്നേഹികളെ ആരെയും കണ്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
നിയമം യാഥാർത്ഥ്യമായാൽ ഇസ്ലാമിന്റെ ഒരു സ്വത്വവും ഇല്ലാതാകില്ല. മറിച്ച് ലിംഗ നീതിക്കും സമത്വത്തിനും എതിര് നിൽക്കുന്ന വ്യക്തി നിയമങ്ങളാണ് ഇല്ലാതാവുക. രാജ്യത്തിന്റെ വേദഗ്രന്ഥം ഭരണ ഘടനയാണ്. ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് വിരുദ്ധമായ കുടുംബ നിയമം ഉണ്ടെങ്കിൽ ഇല്ലാതാകണം. അതിനാൽ നിയമത്തെ എതിർക്കുന്നതിൽ കഴമ്പില്ല. ബിജെപി സർക്കാർ കൊണ്ടുവരുന്ന നിയമം ലിംഗ നീതിയും സമത്വാധിഷ്ഠിതവും അല്ലെന്ന് വന്നാൽ അതിനെ ഉന്നത നീതി പീഠങ്ങളിൽ ചേദ്യം ചെയ്യാം. ശക്തമായ നീതിന്യായ സംവിധാനം രാജ്യത്തുണ്ട്. അല്ലാതെ നിയമത്തിന്റെ ഡ്രാഫ്റ്റ് പോലും പുറത്തു വരും മുമ്പ് കണ്ണടച്ച് എതിർക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂ ഇൻക് ബുക്സ് ഷോറൂം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെബ് സൈറ്റ് ഉൽഘാടനം ചെയ്തു.. കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആദ്യ വില്പന ഉദ്ഘാടനം നിർവ്വഹിച്ചു. ഹമീദ് ചേന്നമംഗലൂരിന്റെ പൊതു സിവിൽ കോഡ് വന്നാൽ, ശബ്ദമില്ലാത്ത ശബ്ദം ടി.പി.വേണുഗോപാലന്റെ കരയിലെ കണ്ണി മത്സ്യങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ദിനകരൻ കൊമ്പിലാത്ത്, താഹ മാടായി, നാരായണൻ കാവുമ്പായി എന്നിവർ ഏറ്റുവാങ്ങി. റിട്ട. പ്രഫ.ബി. മുഹമ്മദ് അഹമ്മദ് , പി.കെ. വിജയൻ , സിജി ഉലഹന്നാൽ, സുകുമാരൻ പെരിയച്ചൂർ , അംബുജം കടമ്പൂർ , യു.പി. സന്തോഷ്, മഹേഷ് കക്കത്ത്, കെ.പി.ജയരാജൻ, ഒ .അശോക് കുമാർ എന്നിവർ സംസാരിച്ചു. ബ്ലൂ ഇൻക് ബുക്സ് എംഡി സി.പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ