കണ്ണൂർ: കെ റെയിലുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഒരിക്കൽ അംഗീകാരം തരേണ്ടി വരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

'കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കണ്ട കാഴ്ച എന്താണ്. ഞങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയുന്നതല്ല ഇത്. റെയിൽവേയുടെ കാര്യം കേന്ദ്ര സർക്കാറിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. കേന്ദ്ര സർക്കാർ ഇപ്പോൾ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോൾ തത്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല' -മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും നടക്കാതിരിക്കുമ്പോൾ കൂടുതൽ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം. കെ റെയിലിനെ എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കാണിച്ചത് എന്താണ്? ജന മനസാണ് വന്ദേ ഭാരത് വന്നപ്പോൾ കണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂർ വിമാനത്താവളം വികസിക്കാത്തത് കേന്ദ്ര സർക്കാരിന്റെ നയം മൂലമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം മാധ്യമങ്ങൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. ചില മാധ്യമങ്ങൾ നേരും നെറിയും ഉപേക്ഷിക്കുന്നു. ഏത് കാര്യത്തെയും എതിർക്കുന്നു. ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.