- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയുടെ മുന്നിലെ റോഡിൽ കുട്ടികൾ മിക്സ്ചർ കവർ ഇട്ടു; മക്കളുടെ മുന്നലിട്ട് പിതാവിനെ ക്രൂരമായി മർദ്ദിച്ച് കടയുടമ: അറസ്റ്റ് ചെയ്ത് പൊലീസ്
തൊടുപുഴ: കടയുടെ മുന്നിലെ റോഡിൽ കൊച്ചുകുട്ടികൾ മിക്സ്ചർ കവർ ഇട്ടതിന് പിതാവിന് ക്രൂര മർദ്ദനം. സംഭവത്തിൽ പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷൻ ഉടമ മുഖയപ്പള്ളിൽ അനിൽകുമാറിനെ (50) കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മക്കൾ കാറിലിരുന്ന് മിക്സ്ചർ തിന്ന ശേഷം കവർ റോഡിലേക്ക് ഇട്ടെന്ന് ആരോപിച്ച് ഇയാൾ കുട്ടികളുടെ മുന്നിലിട്ട് പിതാവിനെ തല്ലിച്ചതയ്ക്കുക ആയികുന്നു.
മർദനമേറ്റയാളും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. റോഡരികിൽ അനിൽകുമാറിന്റെ കടയുടെ സമീപത്തു നിർത്തിയ കാറിൽ ആറും നാലും വയസ്സുള്ള മക്കളെയിരുത്തി പിതാവ് ഒറ്റയ്ക്ക് മറ്റൊരു കടയിലേക്കു പോയി. ഈ സമയം ഇളയ കുട്ടി മിക്സ്ചർ പാക്കറ്റ് പൊട്ടിച്ചു കഴിച്ച ശേഷം കാലിയായ കവർ റോഡിലേക്കിട്ടു. ഇത് അനിൽകുമാറിന്റെ കടയുടെ മുന്നിൽ ചെന്നാണ് വീണത്.
തിരിച്ചെത്തിയ രക്ഷിതാവിനോട് കവർ മാറ്റാൻ ആവശ്യപ്പെട്ട് അനിൽകുമാർ അസഭ്യം വിളിക്കുകയും മർദിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. കുട്ടികളിലൊരാൾ ഇതിനിടെ കാറിൽ നിന്നിറങ്ങി കവർ എടുത്തുമാറ്റുകയും ചെയ്തു. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ രക്ഷിതാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമം നടത്തിയ അനിൽകുമാറിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി കരിങ്കുന്നം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.