- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ കൊലപ്പെടുത്തിയ ആളെപ്പറ്റി പത്രവാർത്ത കണ്ടപ്പോൾ തോന്നിയ സംശയം; നൗഷാദിനെ കണ്ടെത്താനുള്ള നിർണായക സൂചന നൽകിയത് കടയുടമ രാജേഷ്; തൊമ്മൻകുത്തിലെ പലചരക്ക് വ്യാപാരിക്ക് പൊലീസിന്റെ ആദരം
തൊടുപുഴ: ഭാര്യ കൊലപ്പെടുത്തിയ ആളെപ്പറ്റിയുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ നൗഷാദിനെ കണ്ടെത്താൻ സഹായകരമായ വിവരം സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയ്മോന് നൽകിയ തൊമ്മൻകുത്തിലെ പലചരക്ക് വ്യാപാരിക്ക് പൊലീസിന്റെ ആദരം. തൊമ്മൻകുത്തിലെ ആവണി സ്റ്റോഴ്സ് ഉടമ രാജേഷിനെ വീട്ടിൽ എത്തിയാണ് തൊടുപുഴ പൊലീസും കരിമണ്ണൂർ പൊലീസും ആദരിച്ചത്.
ഭാര്യയും മക്കളും അയൽവാസികളുമടക്കം നിരവധി പേരുടെ സാന്നിദ്ധ്യത്തിലായിന്നു ആദരവ്. ഡിവൈഎസ്പിയോടൊപ്പം കരിമണ്ണൂർ സി ഐ ജോബിയും പൊലീസുകാരും ജോമോനും പഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിനും സന്നിഹിധരായിരുന്നു.
കേരള പൊലീസിന്റെ കേസ് അന്വേഷണ ചർത്രത്തിലെ ഒരു സുപ്രധാന കേസിന് വഴിത്തിരിവ് ഉണ്ടാക്കിയ രാജേഷിന്റെ നിരീക്ഷണ പാടവം ശ്ലാഘനീയമെന്ന് ഡിവൈഎസ്പി പറഞ്ഞു . രാജേഷിനെ പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ജനങ്ങൾ ഉണർന്ന് പ്രവർത്തിയ്ക്കേണ്ടത് സമൂഹത്തിലെ ക്രിമിനൽവൽക്കരണം തടയാൻ ആവശ്യമാണെന്ന് കരിമണ്ണൂർ സി ഐ സൂചിപ്പിച്ചു .
പൊലീസ് പാർട്ടിയുടെ രാജേഷിന്റെ വീട്ടിലേയ്ക്കുള്ള വരവ് സാധാരണക്കാരും കർഷകരും വസിക്കുന്ന തൊമ്മങ്കുത്ത് ഗ്രാമത്തിന് കുതുകകരവും ആവേശവുമായി .
തൊമ്മൻകുത്തിലെ ആവണി സ്റ്റോഴ്സിൽ രാവിലെ പത്രമെത്തിയപ്പോൾ കടയുടമ രാജേഷിന് തോന്നിയ സംശയമാണ് നൗഷാദിലേക്ക് പൊലീസിനെ എത്തിച്ചത്. ഭാര്യ കൊലപ്പെടുത്തിയ ആളെപ്പറ്റിയുള്ള വാർത്തയോടൊപ്പം വന്ന ഫോട്ടോ രാജേഷ് പലതവണ നോക്കി. ഇപ്പോൾ അൽപം താടിയുണ്ടെങ്കിലും ആൾ ഇതു തന്നെ! ബന്ധുകൂടിയായ തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജയ്മോനെ ഫോണിൽ വിളിച്ച് രാവിലെ തന്നെ വിവരം പറയുകയായിരുന്നു.
നൗഷാദ് ജോലി ചെയ്യുന്ന കൃഷിത്തോട്ടത്തിന്റെ ഉടമയെ ഫോണിൽ വിളിച്ച് തൊഴിലാളിയുടെ പേരു ചോദിച്ചു. നൗഷാദ് എന്നു കേട്ടതോടെ, കൊല്ലപ്പെട്ടെന്നു കരുതിയയാൾ ഇയാളാണെന്ന് ഉറപ്പിച്ചു. തുടർന്ന് സ്ഥലത്തു വന്ന് നൗഷാദിനോടു തന്നെ വിവരങ്ങൾ ചോദിച്ചു. അങ്ങനെയാണ് ഭാര്യ അഫ്സാന കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന പേരിൽ പൊലീസ് തന്റെ മൃതദേഹം തിരയുന്ന കാര്യം നൗഷാദും അറിയുന്നത്.
തുടർന്ന് സ്ഥലമുടമയുടെ ജീപ്പിൽ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫിസിലേക്ക് ജയ്മോൻ കൂട്ടിക്കൊണ്ടുവന്നു. ഉച്ചയോടെ പത്തനംതിട്ടയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്എച്ച്ഒ പുഷ്പരാജ് ഡിവൈഎസ്പി ഓഫിസിൽ എത്തി. നൗഷാദിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പത്തനംതിട്ടയിലേക്കു കൊണ്ടുപോവുകയായിരുന്നു.