മലപ്പുറം: സ്‌കൂളിലെ ആറു കുട്ടികളെ തെരുവുനായ സ്‌കൂൾ വളപ്പിനുള്ളിൽ കയറി കടിച്ച് പരുക്കേൽപ്പിച്ചു. നായക്ക് പേ വിഷബാധയുണ്ടെന്ന് വെറ്ററിനറി ഡോക്ടർക്ക് സംശയം. നായയെ സ്‌കൂൾ വളപ്പിൽ കെട്ടിയിട്ട് ഒരാഴ്ചത്തേക്ക് നിരീക്ഷിക്കാൻ നിർദ്ദേശം. സംഭവം നിലമ്പൂർ എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ.

നായക്ക് പേ വിഷബാധയുണ്ടെന്ന് വെറ്ററിനറി ഡോക്ടർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ നായയെ സ്‌കൂൾ വളപ്പിൽ കെട്ടിയിട്ട് ഒരാഴ്ചത്തേക്ക് നിരീക്ഷിക്കാൻ സ്‌കൂൾ അധികൃതരെ ചുമതലപ്പെടുത്തി. ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന ആറു കുട്ടികൾക്കാണ് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റത്. കുട്ടികളുടെ ദേഹത്തേക്ക് ചാടി കയറിയാണ് കടിച്ചത്. കടിയേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പേ വിഷബാധക്കുള്ള വാക്സിനേഷൻ നൽകി.

കാലിന്റെ മുട്ടിന് താഴെയാണ് കടിയേറ്റിറ്റുള്ളത്. ഇന്നു രാവിലെ ഒമ്പതിനാണ് സ്‌കൂളിനു പുറത്തു വച്ച് 10-ാം ക്ലാസുകാരന് കടിയേറ്റത്. പിന്നീട് ഉച്ചക്കാണ് മറ്റു കുട്ടികൾക്ക് കടിയേറ്റത്. വിദ്യാർത്ഥികളുടെ ദേഹത്തേക്കു ചാടി കയറിയതിനാൽ രണ്ടു കുട്ടികളുടെ വസ്ത്രത്തിൽ നായയുടെ സ്രവം വീണിട്ടുണ്ട്.

പോത്തുകൽ പൊലീസ്, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എന്നിവരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വെറ്ററിനറി സർജൻ നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതായി അറിയിച്ചെന്നു സ്‌കൂൾ അധികൃതർ പറഞ്ഞു. പേവിഷബാധ സംശയിക്കുന്ന നായയെ സുരക്ഷിതമായ സ്ഥലത്ത് നിരീക്ഷണത്തിൽ പാർപ്പിക്കാൻ പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പും തയാറാകാത്തതിനാൽ സ്‌കൂൾ വളപ്പിൽ തന്നെയാണ് തെരുവ് നായുള്ളത്. ഈ നായ നിരവധി തെരുവ് നായ്ക്കളെയും കടിച്ചിട്ടുണ്ട്.