- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിത്ത് വിവാദത്തിൽ എൻ.എസ്.എസ് നിലപാട് മയപ്പെടുത്തിയതായി തോന്നിയിട്ടില്ല; സ്പീക്കറുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്
കാസർകോഡ്: സ്പീക്കർ നടത്തിയ മിത്ത് പരാമർശത്തിൽ എൻ.എസ്.എസ് നിലപാട് മയപ്പെടുത്തിയതായി തോന്നിയിട്ടില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. സ്പീക്കറുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ഉടൻ നിലപാട് വ്യക്തമാക്കണം. മുസ്ലിം വോട്ടുകൾ ഏകീകരിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. കോൺഗ്രസ് നിലപാട് സിപിഎമ്മിന് അനുകൂലമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സ്പീക്കർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, സിപിഎം നേതാക്കൾ ഖേദ പ്രകടനം നടത്താൻ പോലും തയ്യാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
സ്പീക്കർ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിവാദം അവസാനിക്കില്ലെന്നും സ്വിച്ചിട്ട പോലെ വിവാദം തുടങ്ങി സ്വിച്ചിട്ട പോലെ അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തിൽ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ മിത്ത് വിവാദത്തിൽ ഇന്നും പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സി പി എമ്മിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നാണ് മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞത്. കേരളത്തിൽ മത - സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത് വ്യക്തമാണെന്നും, ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നുംസ പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ