പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയിലെ ഭീതിയിലാഴ്‌ത്തി കാട്ടാന ശല്യം രൂക്ഷം. കാട്ടാനകളുടെ ശല്യം പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. കൂനമ്പാലത്ത് ഏതാനും ദിവസമായി വിലസുന്ന ചില്ലിക്കൊമ്പൻ വീട്ടുവളപ്പുകളിലെ ചക്ക, മറ്റു പഴങ്ങൾ എന്നിവ ഭക്ഷിച്ച് ജനവാസ മേഖലയിൽ തുടരുകയാണ്. ആരെയും ശല്യം ചെയ്യാതെ തോട്ടം തൊഴിലാളികളോടിണങ്ങി നിൽക്കുന്ന കൊമ്പൻ വിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്.

അതേസമയം, പോത്തുണ്ടി-നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്നു. ഞായറാഴ്ച രാവിലെ ഇതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

കാട്ടാനയും കുട്ടിയും വഴിയരികിൽ നിൽക്കേ കെഎസ്ആർടിസി ബസ് കടന്നുപോയി. ഇതുകണ്ട് കടന്നുപോയ വിനോദ സഞ്ചാരികളുടെ വാനിനു നേരെ അമ്മയാന പാഞ്ഞടുക്കുകയായിരുന്നു. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ മറ്റു യാത്രക്കാർ കാട്ടാനക്കൂട്ടം പാതയിൽ നിന്നു മാറിയ ശേഷമാണ് യാത്ര തുടർന്നത്.