- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ കൈത്താങ്ങ്; സൂപ്പർ ന്യൂമറി സീറ്റുകൾ അനുവദിക്കും; വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് കണ്ണൂർ സർവകലാശാല
കണ്ണൂർ: ആഭ്യന്തര സംഘർഷം തുടരുന്ന മണിപ്പൂരിലെ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് കൈത്താങ്ങുമായി കണ്ണൂർ സർവകലാശാല. മണിപ്പൂരിലെ മൂന്ന് മാസമായി തുടരുന്ന പ്രക്ഷുബ്ധമായ സാഹചര്യം കണക്കിലെടുത്ത്, അവരുടെ പഠനം തുടരാൻ സഹായിക്കുന്നതിനായി കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന കണ്ണൂർ യൂനിവേഴ്‌സിറ്റി സ്‌പെഷൽ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇതിനായി സൂപ്പർ ന്യൂമറി സീറ്റുകൾ അനുവദിക്കുന്നതിന് സിൻഡിക്കേറ്റിൽ തീരുമാനമായി. വിദ്യാർത്ഥി പ്രവേശനം ആവശ്യപ്പെട്ട് മണിപ്പൂർ സംസ്ഥാനത്തെ ഗോത്ര വിദ്യാർത്ഥി സംഘടനകൾ കണ്ണൂർ സർവകലാശാലയ്ക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന യൂനിവേഴ്‌സിറ്റി സ്‌പെഷൽ സിൻഡിക്കേറ്റ് യോഗത്തിൽ അംഗം എൻ സുകന്യ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്നാണ് സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചത്.
മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥി പിജി പ്രവേശനത്തിനുള്ള അപേക്ഷ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ കോഴ്‌സുകളിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഇല്ലെങ്കിൽ, അവരുടെ അപേക്ഷകൾ പ്രത്യേകമായി പരിഗണിച്ച് കോഴ്‌സുകൾ അവസാനിക്കുന്ന സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തുന്നതിന് തീരുമാനമായി.
പ്രവേശനം നേടുന്നവർക്ക് സാമ്പത്തികമായ സഹായം നൽകുന്നതിനും സർവകലാശാല ആലോചിക്കുന്നുണ്ട്. സാമ്പത്തിക സഹായത്തിന് സർക്കാരിനെ സമീപിക്കാനും കൂടാതെ ജനകീയമായി സാമ്പത്തിക ബാധ്യത ശേഖരിക്കുന്നതിനും സിൻഡിക്കേറ്റിൽ അഭിപ്രായമുയർന്നു.ജനന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും രേഖ നൽകാൻ നിർബന്ധിക്കാതെ അവരെ ഓൺലൈൻ, ഓഫ് ലൈൻ മുഖാന്തരം പ്രവേശനം നൽകാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. വി സി, സിൻഡിക്കേറ്റ് അംഗം എൻ സുകന്യ, രജിസ്ട്രാർ ഇൻ ചാർജ് പി കെ വിജയൻ തുടങ്ങിയവർ സിൻഡിക്കേറ്റ് യോഗത്തിനു ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ