കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് റോഡിലെ സ്ലാബിടാത്ത ഓടയിൽ വീണ് 65 കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. പൊതുമരാമത്ത് വകുപ്പ് ്എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. കേസ് സെപ്റ്റംബറിൽ പരിഗണിക്കും.

ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അഴീക്കോട് സ്വദേശി മൂസാകോയക്കാണ് ഓടയിൽ വീണ് ഗുരുതമായി പരിക്കേറ്റത്. മൂസാകോയക്ക് വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. ആയിരക്കണക്കിന് ആളുകൾ ദിവസേന എത്തുന്ന സ്ഥലത്താണ് പകടം നടന്നത്. മൂന്നടി താഴ്ചയുള്ള ഓടയാണ് സ്ലാബില്ലാതെ അപകക്കെണിയായി ഉള്ളത്. ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.

മാസങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയെങ്കിലും ഓടകൾ തുറന്നു കിടക്കുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റോ മതിയായ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. വെളിച്ചക്കുറവുള്ള രാത്രിയാണ് മൂസക്കോയ ഓടയിൽ വീണത്. മഴ കാരണം ഓട നിർമ്മാണം മുടങ്ങിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.