- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത തടസ്സമുണ്ടാക്കിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിന് തർക്കം; തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ ആക്രമണം; പൊലീസിന് നേരെയും കയ്യേറ്റ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ
ഹരിപ്പാട്: ഗതാഗത തടസ്സം സൃഷ്ടിച്ച ബൈക്ക് വഴിയിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ടതിന് തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പളത്ത് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ പതിയാങ്കര ഇലപ്പത്തറയിൽ ഹേമേഷ് കുമാറും കുടുംബവും ഈ ഭാഗത്ത് കൂടി കാറിൽ വരുമ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വെച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ മാറ്റാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കാറിൽ ഹേമേഷിന്റെ ഭാര്യയും രണ്ട് മക്കളും, സഹോദരിയും ഭർത്താവും ആണ് ഉണ്ടായിരുന്നത്. ഇവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ വർഗീസ് മാത്യു, എസ് സി പി ഒ ജയൻ, ഹോം ഗാർഡ് ബാബു എന്നിവരെയും പ്രതികൾ കയ്യേറ്റം ചെയ്തു. ജയന് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ