മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങളിൽ കടത്തിയ 36 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അരീക്കോട് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ഷാഫി (32), മലപ്പുറം സ്വദേശി അശിഷ് ബാബു (44) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ എം അബ്ബാസലിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പത്തനാപുരം തേക്കിൻ ചുവട് നടത്തിയ പരിശോധനയിലാണ് സ്വിഫ്റ്റ് കാറിൽ വെച്ച് മുഹമ്മദ് ഷാഫോയിൽ നിന്ന് 26 31000 രൂപ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിളിക്കല്ലിങ്ങൽ വെച്ച് ആഷിഷ് ബാബുവിൽ നിന്ന് പത്തുലക്ഷം രൂപ പിടികൂടിയത്. ഇയാൾ ഈ തുക ബൈക്കിൽ രഹസ്യമായി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

സംഭവത്തിൽ രണ്ടു പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും പണം കടത്താൻ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും 500 രൂപയുടെ നോട്ടുകെട്ടുകൾ ആക്കിയാണ് പണം കടത്താൻ ശ്രമിച്ചിരുന്നത്. അതേസമയം പിടികൂടിയ തുക തുടർ നടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് അരീക്കോട് എസ്.എച്ച്.ഒ എം അബാസലി പറഞ്ഞു. ശേഷം കേസ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന് കൈമാറും. എസ്‌ഐ അബ്ദുൽ അസീസ്, മറ്റു പൊലീസുകാരായ ബിജു, രാഹുലൻ, അനിൽ,അനീഷ്, വൈശാഖ്, സജീഷ്, മനു പ്രസാദ്, അനില എന്നിവരടുക്കുന്ന സംഘമാണ് കുഴൽപ്പണം പിടികൂടിയത്.