മലപ്പുറം: ടാങ്കർലോറി അപകടത്തെ തുടർന്ന് കിണറുകളിൽ ഡീസൽ കലർന്ന് വെള്ളം മലിനമായ പരിയാപുരത്ത് വിദഗ്ധ സംഘം സന്ദർശനം നടത്തി. ഡീസൽ കണ്ടെത്തിയ 6 കിണറുകളിലെയും വെള്ളം ഉപയോഗിക്കരുത്. ഈ കിണറുകൾക്ക് തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാതിരുന്നാൽ ഡീസൽ വ്യാപനം കുറയ്ക്കാനാകും. - ഉദ്യോഗസ്ഥർ പറഞ്ഞു.

ജലത്തിൽ വളരെ ചെറിയ അളവിൽ പോലും ഡീസലിന്റെ അംശമുണ്ടെങ്കിൽ മണവും രുചി വ്യത്യാസവും ഉണ്ടാകും. വെള്ളത്തിന്റെ മുകളിൽ ഡീസലിന്റെ പാടയും പ്രത്യക്ഷപ്പെടും. ഇങ്ങനെയുണ്ടെങ്കിൽ മാത്രം വെള്ളം ഉപയോഗിക്കരുത് - ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി.നാട്ടുകാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നു രാവിലെ 10.30ന് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മഞ്ഞളാംകുഴി അലി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിയാപുരം ജനകീയ സമിതി ഭാരവാഹികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ, വൈസ് പ്രസിഡന്റ് ഷെബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം പി.ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സൗഫിയ തവളേങ്ങൽ, പഞ്ചായത്ത് അംഗങ്ങളായ അനിൽ പുലിപ്ര, കെ.ടി.നാരായണൻ, വി.സുനിൽ ബാബു, അൻവർ സാദത്ത്, ശിഹാബ്, ജനകീയ സമിതി ഭാരവാഹികളായ ഫാ.ജെയിംസ് വാമറ്റത്തിൽ, ഏലിയാമ്മ തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധകളായ അമീർ പാതാരി, സൽമാൻ ഫാരിസ്, സാബു കാലായിൽ, ആഷിഖ് പാതാരി എന്നിവർ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, തഹസിൽദാർ പി.രാജഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാർ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എസ്.സനൽകുമാർ, പി.പ്രദീപ് കുമാർ, ഇ.പി.ഷിബിൻ, ജി.വരുൺ നാരായണൻ, എം.കെ.പ്രമോദ് ശങ്കർ, വി സി.സൗദാ ബീവി, വി.കെ.മുരളി, പി.സബീർ, എം.എസ്.ബാബു, എസ്.എ.ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പഞ്ചായത്തിലെ യോഗത്തിനുശേഷം എംഎൽഎയുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിയാപുരത്തെ അപകടസ്ഥലവും ഡീസലിന്റെ അളവ് കൂടുതലായി കണ്ടെത്തിയ സേക്രഡ് ഹാർട്ട് കോൺവെന്റിലെയും കൊല്ലറേട്ട് മറ്റത്തിൽ ബിജുവിനെയും കിണറുകളും സന്ദർശിച്ചു. ജനകീയ സമിതി ഭാരവാഹികളും നാട്ടുകാരും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.

റിപ്പോർട്ട് ഉടൻ തന്നെ കലക്ടർക്ക് കൈമാറുന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഡീസൽ കലരാത്ത കിണറുകളിലെ വെള്ളം ഉപയോഗിക്കാമെന്നും സമീപവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) എസ്.എസ്.സരിൻ പറഞ്ഞു