കൊച്ചി: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങിയെന്ന കേസിൽ കൈക്കൂലി നൽകിയില്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞ പരാതിക്കാരനെതിരേ ഹൈക്കോടതി നടപടിക്ക് നിർദേശിച്ചു. കണ്ണൂർ നാലുവയൽ സ്വദേശി മഷൂദിനെതിരേ നടപടി സ്വീകരിക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടിരിക്കുന്നത്. കൈക്കൂലി കേസിൽ പ്രതികളായിരുന്ന കണ്ണൂർ വില്ലേജ്-1-ലെ വില്ലേജ് ഓഫീസറായിരുന്ന കെ. രാജഗോപാലൻ, വില്ലേജ് അസിസ്റ്റന്റ് എ.കെ. ഹാഷിം എന്നിവർക്ക് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാതിക്കാരനെതിരേ നടപടിക്ക് നിർദേശിച്ചിരിക്കുന്നത്.

ഉത്തരവിന്റെ പകർപ്പ് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ കോടതിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് നിർദേശവും നൽകി. പ്രതികൾ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും വിജിലൻസ് പ്രതികളെ കുടുക്കുകയായിരുന്നുവെന്നും വിചാരണവേളയിൽ പരാതിക്കാരൻ മൊഴി നൽകി. ഭാര്യയും പ്രതികൾക്ക് അനുകൂലമായാണ് മൊഴി നൽകിയത്. എന്നിട്ടും പണം വാങ്ങിയത് കണക്കിലെടുത്താണ് വിജിൻസ് കോടതി പ്രതികളെ ശിക്ഷിച്ചത്.

2002-ൽ ഭാര്യയുടെ കുടുംബവസ്തു ഭാര്യയുടെ പേരിലാക്കുന്നതിന് അടങ്കൽ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോഴാണ് പ്രതികൾ പരാതിക്കാരനിൽനിന്ന് 200 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതി നൽകിയതോടെ ഫിനോഫ്തലീൻ പുരട്ടിയ 100 രൂപയുടെ രണ്ടുനോട്ടുകൾ വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ പ്രതികൾക്ക് കൈമാറി.

അറസ്റ്റിലായ പ്രതികളെ കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ കോടതി ഒരുവർഷംവീതം കഠിനതടവിനും 2000 രൂപവീതം പിഴ അടയ്ക്കാനും ശിക്ഷിച്ചു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. കൈക്കൂലി വാങ്ങിയതിന് മതിയായ തെളിവുണ്ടെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലാത്തതിനാലാണ് ഹൈക്കോടതി പ്രതികളെ വെറുതേവിട്ടത്.

എന്നാൽ, പ്രതികൾ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരൻ ബോധപൂർവം കളവായി മൊഴി നൽകുകയായിരുന്നുവെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. വിജിലൻസിനുവേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.