കണ്ണൂർ:കനത്ത സുരക്ഷയുള്ള ധർമശാലയിലെ കെ എ പി ക്യാംപ് പറമ്പിൽ നിന്നും ചന്ദനമരം മോഷണം പോയ വാർത്ത പരന്നതോടെ പൊലിസിന് വീണ്ടും നാണക്കേടായി മാറി. സർദാൽ പട്ടേൽ ഗ്രൗണ്ടിന്റെ പുറകു വശത്തുള്ള വോളിബോൾ കോർട്ടിന് മുൻപിലുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്.

കെ. എ.പി ക്യാംപിനോടനുബന്ധിച്ചു തന്നെയാണ് കണ്ണൂർ റൂറൽ എസ്‌പിയുടെ ഓഫീസും പ്രവർത്തിക്കുന്നത്. 24-മണിക്കൂറും പൊലിസ് കാവലുള്ള സ്ഥലത്തു നിന്നാണ് കഴിഞ്ഞദിവസം രാത്രി ചന്ദനമരം മോഷണം മുറിച്ചു കടത്തിയത്. കഴിഞ്ഞ വർഷം ജൂൺ 18ന് എ.പി ആശുപത്രിക്ക് മുൻപിലുള്ള സ്ഥലത്തു നിന്നും പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയിലുള്ള ഒഴക്രോംറോഡിന് സമീപത്ത് കെ. എ.പികോംപൗണ്ടിലെ മരം മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു.അന്നും മരത്തിന്റെ കുറ്റിമാത്രമേ ഇവിടെ അവശേഷിച്ചിരുന്നുള്ളൂ.

അന്നത്തെ കേസിൽ പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതാണണ് വീണ്ടും മോഷണം നടക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മുഴുവൻ സമയത്തും സുരക്ഷാസംവിധാനമുള്ള പ്രദേശത്തു നിന്നും വീണ്ടും ആയുധങ്ങൾ ഉപയോഗിച്ചു ചന്ദനമരം മുറിച്ചുകൊണ്ടു പോയത് കണ്ണൂർ ജില്ലയിലെ സായുധ പൊലിസിന് നാണക്കേടായിരിക്കുകയാണ്. സ്വന്തം കൺമുൻപിൽ മോഷണം നടന്നിട്ട് അറിയാത്തവർ ജനങ്ങളുടെ ജീവനും സ്വത്തിനും എങ്ങനെസംരക്ഷണം നൽകുമെന്ന ചോദ്യം സോഷ്യൽ മീഡിയയിലും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കെ. എ. പി അധികൃതർ തളിപറമ്പ് പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്.