- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപയിൽ ജാഗ്രത: കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി
കോഴിക്കോട്: ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. നിപ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം. അംഗനവാടികൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളജുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി പരീക്ഷ നടത്താം.
ജില്ലയിൽ പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോർജും പി എ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.
നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാർഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റീൻ നിർബന്ധമാണ്. പനിയുള്ളവർ ആശുപത്രികളിൽ ചികിത്സ തേടണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
നിപ മരണത്തിൽ ആകെ 789 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. പതിനൊന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുതോങ്കരയിൽ വീട്ടിൽ ഐസൊലേഷനിൽ തുടരുന്ന മൂന്ന് പേർക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ 13 പേരും മിംസിൽ 7 പേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടർ എ ഗീത അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ