- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്രദ്ധമായി ബസ് ഓടിച്ച അപകടം വരുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ നല്ലനടപ്പിന് വിട്ട് കോടതി; നിരീക്ഷണത്തിന് യാത്രക്കാരെയും ഏർപ്പാടാക്കി; മുന്നറിയിപ്പ് അവഗണിച്ച് ഓടിച്ച ബസ് ഡ്രൈവർക്ക് വ്യത്യസ്തമായ ശിക്ഷ
മലപ്പുറം: മഞ്ചേരി : അശ്രദ്ധമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. ഒരു വർഷം നല്ല നടപ്പിന് വിട്ടു കൊണ്ടാണ് കൊയിലാണ്ടി സ്വദേശി സുനിൽ എന്ന 35കാരനെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2013 നവംബർ 12ന് പുലർച്ചെ നാലു മണിക്കിദേശീയപാതയിൽ പെരിന്തൽമണ്ണക്കും മലപ്പുറത്തിനും ഇടയിലായിരുന്നു അപകടം. അശ്രദ്ധയായി ബസ് ഓടിച്ചതിൽ യാത്രക്കാരി പലതവണ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഓടിച്ച ബസ് പുനർപ്പയിലെ എസ് വളവിൽ വെച്ച് ടാങ്കർ ലോറിയുമായി ഇടിച്ചു. പല്ലുകൾ നഷ്ടപ്പെട്ടതടക്കം 30 യാത്രക്കാർക്ക് പരിക്കേറ്റു.
മങ്കട എസ് ഐ യായിരുന്ന കെ സുരേന്ദ്രൻ സംഭവത്തിൽ കേസ്സെടുത്തു. മുന്നറിയിപ്പ് നൽകിയ വനിതയടക്കമുള്ള യാത്രക്കാരും ടാങ്കർ ലോറി ഡ്രൈവർ നടേശനും കോടതിയിലെത്തി മൊഴി നൽകി. ബസ് ഡ്രൈവർ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി പക്ഷെ ഇദ്ദേഹം ദീർഘദൂരം ബസ്സോടിച്ച് വന്നതിലുള്ള മാനസിക ശാരീരിക അവസ്ഥ പരിഗണിച്ച് തടവു ശിക്ഷ ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഒരു വർഷം നല്ലപിള്ളയായി വാഹനമോടിക്കണം. മാത്രമല്ല ശ്രദ്ധയോടെ വാഹനമോടിക്കുന്നതിന് നിർബന്ധിത പരിശീലനത്തിലും പങ്കെടുക്കണം. കുറ്റക്കാരനായ ഡ്രൈവറെ മാനസിക പരിവർത്തനം നടത്തുന്നതിനും അനുകമ്പയോടും ശ്രദ്ധയോടെയും വാഹനം ഓടിക്കുന്നതിന് ഡ്രൈവറെ പ്രാപ്തമാക്കുന്നതിനും കൂടിയാണ് നിർബന്ധിത ട്രെയിനിങ്ങിൽ ഡ്രൈവർ പങ്കെടുക്കണമെന്ന് ഉത്തരവിട്ടത്. കണ്ടനകത്തെ ഡ്രൈവിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് പരിശീലനം നൽകുക.
ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കാൻ ജില്ല പ്രബേഷൻ ഓഫീസറെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ യാത്രക്കാർക്കുമുണ്ട് ജോലി. ഈ ഡ്രൈവറെ 15 ദിവസത്തേക്ക് യാത്രക്കാർ നിരീക്ഷിക്കണം. അപകടകരമായ രീതിയിൽ വാഹനമോടിക്കുകയാണെങ്കിൽ യാത്രക്കാർക്ക് പരാതിപ്പെടാം. ഇതിനായി ജില്ലാ പ്രൊബേഷൻ ഓഫീസറുടെയടക്കം ഫോൺ നമ്പരുകൾ ഈ ഡ്രൈവർ ഓടിക്കുന്ന ബസ്സിൽ പ്രദർശിപ്പിക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും ഡ്രൈവർക്ക് ഉണ്ടായ മാറ്റങ്ങൾ കോടതിയിലേക്ക് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാപ്രബേഷൻ ഓഫീസറെ കോടതി ചുമതലപ്പെടുത്തി.
ജയിൽ ശിക്ഷ നൽകുന്നതിന് പകരം സമൂഹത്തിൽ തന്നെ നിർത്തിക്കൊണ്ട് മാനസിക പരിവർത്തനം നടത്തുന്നതായിരിക്കും ഉചിതം എന്ന് കോഴിക്കോട് ജില്ലാപ്രബേഷൻ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. ദീർഘദൂരം ജോലിചെയ്ത ഡ്രൈവർമാരുടെ ശാരീരിക മാനസികാവസ്ഥയും പരിഗണിച്ചാണ് കോടതി ഡ്രൈവറായ സുനിൽകുമാറിനെ ജയിലിൽ അയക്കുന്നതിന് പകരം ജില്ലാപ്രബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ ഒരു വർഷത്തെ നല്ല നടപ്പിൽ വിട്ടത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് മാർഗദർശനം കൂടിയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയ ടി കെ യഹിയയുടെ പുരോഗമനപരമായ വിധി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്