- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ ജനൽ തകർത്ത് അയൽവീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞ് കയറി; മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: പൊലീസിന്റെ വെടിവെപ്പ് പരിശീലനം നടക്കുന്നതിനിടെ അയൽപക്കത്തെ വീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി. വീടിന്റെ ജനൽച്ചില്ല് തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചത്. ഈസമയം മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ ജില്ലാ പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവം.
പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. ഇതിന്റെ സമീപത്തുള്ള ഉള്ളാട്ടിൽ എന്ന വീട്ടിലേക്കാണ് വെടിയുണ്ട തുളച്ച് കയറിയത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അൽക്കയും ആത്മികയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നാട്ടകത്ത് വർക്ക്ഷോപ്പ് നടത്തുന്ന സോണി ജോലിക്ക് പോയ സമയത്താണ് സംഭവം.
ശബ്ദംകേട്ട് ഇതേ മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന അൽക്ക അമ്മയോട് വിവരംപറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽച്ചില്ല് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടതും മുറിക്കുള്ളിൽ വെടിയുണ്ട കണ്ടെത്തിയതും. വിവരം അറിഞ്ഞ ഉടൻതന്നെ പരിശീലനം നിർത്തിവെച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് പൊലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലിൽ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
കുറച്ചുനാളായി ഇവിടെ വെടിവെപ്പ് പരിശീലനം നടത്തുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ അനുമതിയില്ലാതെയാണിതെന്നും നിർത്തിവെക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.