കണ്ണൂർ: മുന്മന്ത്രിയും സി.പി. എം പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലുമണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നരയ്ക്ക് ഇതോടനുബന്ധിച്ചു ചുവപ്പ് വളൻഡിയർമാർച്ചും ബഹുജനപ്രകടനവും തലശേരി സ്റ്റേഡിയത്തിന് സമീപത്തു നിന്നുമാരംഭിക്കുന്നതിനാൽ നഗരത്തിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തലശേരി ടൗൺ പൊലിസ് അറിയിച്ചു.

കണ്ണൂർ ദേശീയപാതയിൽ നിന്നും വരുന്ന വലിയ ദീർഘദൂരവാഹനങ്ങൾ ചാലയിൽ നിന്നും തിരിഞ്ഞ് കൂത്തുപറമ്പ്, പൂക്കോട്, പാനൂർ വഴി കുഞ്ഞിപ്പള്ളിയിലേക്കും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളി, മോന്താൽ , പാനൂർ, പൂക്കോട്വഴി ചാലയിലേക്കും തിരിച്ചു പോകേണ്ടതാണെന്ന്പൊലിസ് അറിയിച്ചു. ഇതുകൂടാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്ന ബസുകളും മറ്റു ചെറിയ വാഹനങ്ങളും വീനസ് ജങ്ഷൻ വഴിതിരിഞ്ഞ് കുയ്യാലി വഴി സംഗമം ജങ്ഷനിലെത്തിയ ശേഷം എൻ.സി.സി റോഡുവഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്നും പൊലിസ് അറിയിച്ചു.

കോടിയേരി ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമണിക്ക്കണ്ണൂർ പയ്യാമ്പലത്തിൽ നിർമ്മിച്ച സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനം നടക്കും. സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.