- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ ഗോത്രവർഗക്കാരനായ യുവാവിനെ കത്തിക്കുന്നതിന്റെ വീഡിയോ പുറത്ത്; ജീവനോടെ തീ കൊളുത്തിയതെന്ന് കുക്കി വിഭാഗക്കാർ; കലാപകാരികൾ ആഞ്ചിലേറെപ്പേരെ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ടെന്ന് പരാതി: സംസ്ഥാനത്ത് വൻ പ്രതിഷേധം
ഇംഫാൽ: മണിപ്പുരിൽ ഗോത്രവർഗക്കാരനായ യുവാവിന്റെ ശരീരം പച്ചയ്ക്ക് കത്തിക്കുന്നതിന്റെ വീഡിയോ പുറത്ത്. വംശീയകലാപത്തിന്റെ ഭീതിയടങ്ങാത്ത മണിപ്പൂരിൽ നിന്നും നടുക്കുന്ന പുതിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതഷേധവും ശക്തമാകുകയാണ്. കുക്കി വിഭാഗക്കാരനായ യുവാവിന ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാർ ആരോപണമുയർത്തി. കുക്കിവിഭാഗക്കാരായ ആഞ്ചിലേറെപ്പേരെ കലാപകാരികൾ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ടെന്ന് പരാതിയുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമുയർന്നു.
കുക്കിവിഭാഗക്കാരായ രണ്ടുസ്ത്രീകളെ ബലാത്സംഗംചെയ്ത് നഗ്നരാക്കി നടത്തിച്ച ദിവസംതന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മെയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാൽഡിൻതാംഗയാടെന്നും പൊലീസ് സൂപ്രണ്ട് മനോജ് പ്രഭാകർ പറഞ്ഞു. സംഭവത്തിൽ നേരത്തേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി.
കറുത്ത ടിഷർട്ടും പാന്റും ധരിച്ച ഒരാളുടെ ദേഹം അനങ്ങാതെ മണ്ണിൽ കിടക്കുന്നതാണ് വീഡിയോയിൽ തെളിയുന്നത്. മുഖത്ത് മുറിവുകളേറ്റ് ചോരയൊലിക്കുന്ന നിലയിലാണ്. ശരീരം കത്തുന്നതും കാണാം. ഫോട്ടോകളോ വീഡിയോകളോ എടുക്കരുതെന്ന് കൂടിനിൽക്കുന്നവർ നിർദേശിക്കുന്നുണ്ട്. ഇവരെയാരെയും ഏഴുസെക്കൻഡുള്ള വീഡിയോയിൽ കാണുന്നില്ല. പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം. ഈ യുവാവിന് ജീവനുണ്ടായിരുന്നതായും കുക്കി വിഭാഗക്കാർ പറയുന്നു.
അങ്ങേയറ്റം സങ്കടകരവും ലജ്ജാകരവുമായ കുറ്റകൃത്യമെന്ന് പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ആരോപിച്ചു. ''മോദിജി അയൽരാജ്യത്തെ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു, പക്ഷേ, മണിപ്പുരിനെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.''- ഇന്ത്യ സഖ്യം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. മണിപ്പുരിലെ ഗുരുതരപ്രശ്നങ്ങളെ കേന്ദ്രസർക്കാർ ഇനിയും വേണ്ടവിധത്തിൽ അഭിമുഖീകരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജാഥകളും പൊതുയോഗങ്ങളും പ്രതിഷേധപ്രകടനങ്ങളും ആൾക്കൂട്ടവും നിരോധിച്ചുകൊണ്ട് പൊലീസ് ഉത്തരവിറക്കി. സംഘർഷസാധ്യത ഒഴിവാക്കാൻ വേണ്ടിയാണിതെന്നും വ്യക്തമാക്കി.