- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജപട്ടയം ഉണ്ടാക്കി സർക്കാർ ഭൂമി ബാങ്കിന് പണയപ്പെടുത്തൽ; ചിന്നക്കനാലിൽ സിപിഎമ്മിന്റെ സഹകരണ ബാങ്ക് തട്ടിപ്പ് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ്
തൊടുപുഴ: വ്യാജപട്ടയമുണ്ടാക്കി സർക്കാർ ഭൂമി ബാങ്കിന് പണയപ്പെടുത്തി ചിന്നക്കനാലിൽ സിപിഎം നടത്തിയ സഹകരണ ബാങ്ക് തട്ടിപ്പ് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. ക്രമക്കേടുകളെകുറിച്ച് സഹകരണ വകുപ്പ് നടത്തിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഇപ്പോൾ ബാങ്കിന്റെ പ്രസിഡന്റുമായിട്ടുള്ള വി.എക്‌സ് ആൽബിൻ വ്യാജ പട്ടയം ഉപയോഗിച്ച് രണ്ട് തവണയായി ലക്ഷങ്ങളാണ് ബാങ്കിൽ നിന്നും കൊള്ളയടിച്ചത്.
2010 ൽ ഉടുമ്പൻചോല തഹസീൽദാർ റദ്ദാക്കിയ പട്ടയമുപയോഗിച്ച് 2011ൽ എടുത്ത വായ്പയും മുക്കാൽ സെന്റ് ഭൂമിയുടെ വ്യാജപട്ടയമുപയോഗിച്ചെടുത്ത 10 ലക്ഷം രൂപയുടെ വായ്പയും ഈ തട്ടിപ്പിൽ ഉൾപ്പെടുന്നു. കൂടാതെ ബാങ്കിന് സ്ഥലം വാങ്ങിയതിലും വ്യാപകമായ ക്രമക്കേടാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട് .
ബാങ്കിന്റെ സെക്രട്ടറി ബിനാമി പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായും, സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലെ പല ഇടപാടുകളും ബാങ്കിൽ നടന്ന ക്രമക്കേടുകളുമായി ബന്ധമുള്ളതായും റിപ്പോർട്ടിൽ പറയുന്നു. പണാപഹരണം, വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ബാങ്ക് സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്തുവെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല.
സെക്രട്ടറിക്കെതിരെ നടപടി എടുത്താൽ കൂടുതൽ പാർട്ടി നേതാക്കളുടെ ക്രമക്കേടുകൾ പുറത്ത് വരുമെന്നതിനാൽ സെക്രട്ടറിയെ സംരക്ഷിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി. കരുവന്നൂരിനെ വെല്ലുന്ന കൊള്ളയാണ് ചിന്നക്കനാൽ സർവീസ് സഹകരണബാങ്കിൽ സിപിഎം നേതാക്കൾ നടത്തിയതെന്ന് ഈ റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും .
വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിന് ഭൂമിയുടെ നിജസ്ഥിതി സർട്ടിഫിക്കറ്റ്, പോസ്സഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്‌കെച്ച്, നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, എന്നിവയടക്കം ബാങ്കിലെ ലീഗൽ അഡ്വയിസറുടെ സാക്ഷ്യപത്രം ആവശ്യമാണ്. ഈ രേഖകൾ ഒന്നും ഇല്ലാതെ വസ്തു ഈടിന്മേൽ 43.45കോടി രൂപ വായ്പ നൽകിയെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഈ വായ്പകകൾ കുടിശിക ആയാൽ അത് ഈടാക്കാൻ ആർബിസ്‌ട്രേഷൻ നടപടികൾ സ്വീകരിക്കാൻ ബാങ്കിന് കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട് .
ഗഹാൻ ചെയ്യാതെ വസ്തു ഈടിന്മേൽ വ്യാപകമായി വായ്പകൾ നൽകിയിട്ടുണ്ടന്നും ഇതിന് ഈടായി സ്വീകരിച്ച പട്ടയങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും ഇത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു . മറ്റ് ബാങ്കുകളിൽ പണയപ്പെടുത്തിയ ഭൂമിക്ക് ചിന്നക്കനാലിൽ വായ്പ നൽകിയിട്ടുണ്ടെന്നും ഈ വായ്പകൾ തിരിച്ചു പിടിക്കാൻ കഴിയുമോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിലുണ്ട് .
ബാങ്കിന് ഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രമക്കേട് നടന്നതായും റിപ്പോർട്ടിൽ പറയുന്നു . സഹകരണ സംഘ ചട്ടപ്രകാരമുള്ള യാതൊരുനടപടി ക്രമങ്ങളും പാലിക്കാതെയാണ് നാല് സ്ഥലങ്ങളിൽ ബാങ്ക് ഭൂമി വാങ്ങിയത്. ഇതിൽ ഒരിടത്ത് മാത്രമാണ് വസ്തു പോക്ക് വരവ് ചെയ്തിട്ടുള്ളത്.
ഇതിലാകട്ടെ ഒരുസെന്റിന് മൂന്ന് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അൻപത്തി രണ്ട് രൂപക്ക് 97 സെന്റ് ഭൂമി വാങ്ങിയതിൽ 81 സെന്റ് മാത്രമാണ് ബാങ്കിന്റെ പേരിൽ പോക്കുവരവ് ചെയ്തിട്ടുള്ളത്. ബാക്കി 16 സെന്റ് ഭൂമി കാണാനില്ലന്നും ഇതിന് മറ്റൊരാൾ കരം അടക്കുന്നതായും ഈ ഇടപാടിൽ മാത്രം അരക്കോടിയിലേറെ രൂപ ബാങ്കിന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു .
ബാക്കി സ്ഥലങ്ങൾ പോക്കുവരവ് ചെയ്യാത്തതിന് കാരണം പട്ടയങ്ങൾ വ്യാജമായതിനാലാണോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
ഈ തട്ടിപ്പുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് സഹകരണമേഖലയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.
സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ ഉൾപ്പെടെയുള്ള ബാങ്കുകളിൽ വ്യാജപട്ടയം ഉപയോഗിച്ചുള്ള കൊള്ള നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണം. സിപിഎം നേതാക്കൾ നടത്തിയിട്ടുള്ള ഭൂമി കൈയേറ്റവും വ്യാജപട്ടയം ഉപയോഗിച്ച് നടത്തിയ വായ്പ തട്ടിപ്പുകളും പുറത്ത് വരുമോയെന്ന ഭയമാണ് കൈയേറ്റമേന്ന് കേൾക്കുമ്പോൾ എംഎം മണിയുൾപ്പടെയുള്ള സിപിഎം നേതാക്കൾക്ക് ഹാലിളകാൻ കാരണം .
തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കെപിസിസി.അംഗം എ.പി.ഉസ്മാൻ , ഡി.സി.സി. ജന: സെക്രട്ടറിമാരായ ബിജോ മാണി, കെ.ബി. സെൽവം .റ്റി.ജെ.പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ലേഖകന്.