- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങിൽ ഇടം നേടി കാലിക്കറ്റ് സർവകലാശാല വിസിയും രണ്ട് പ്രൊഫസർമാരും; റാങ്കിങ് തയ്യാറാക്കിയത് അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല
മലപ്പുറം: അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങിൽ ഇടം നേടി കാലിക്കറ്റ് സർവകലാശാലയിലെ വൈസ് ചാൻസലറും രണ്ട് പ്രൊഫസർമാരും. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാൻസലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസർമാരായ ഡോ. എം ടി. രമേശൻ, ഡോ. പി. രവീന്ദ്രൻ എന്നിവർക്കാണ് നേട്ടം.
ഗ്രന്ഥകർതൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇൻഡക്സ്, സൈറ്റേഷൻസ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. മൂന്ന് പേറ്റന്റുകളും അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങളും ഒപ്റ്റോ ഇലക്ട്രേണിക്സിലും നാനോ സ്ട്രക്ചറൽ ഉപകരണങ്ങളിലുമുള്ള ഗവേഷണങ്ങളുമാണ് ഡോ. എം.കെ. ജയരാജിനെ മികവിന്റെ പട്ടികയിൽ എത്തിച്ചത്. ഫിസിക്സ്, അസ്ട്രോണമി കെമിസ്ട്രി വിഷയത്തിൽ 5878 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. പോളിമർ സയൻസിൽ ഗവേഷകനായ ഡോ. എം ടി. രമേശൻ തുടർച്ചയായി നാലാം തവണയാണ് സ്റ്റാൻഫർഡ് പട്ടികയിൽ. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെടുത്താൽ 353 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. കരിയർ റാങ്കിങ് 915 ആണ്. ഗ്രീൻ കെമിസ്ട്രിയിൽ ഗവേഷണം തുടർന്ന് പേറ്റന്റ് കരസ്ഥമാക്കിയ ഡോ. പി. രവീന്ദ്രന് കെമിസ്ട്രിയുടെ പട്ടികയിൽ 957-ാം സ്ഥാനമാണുള്ളത്.
അതേ സമയം സംഘർഷഭരിതമായ സമകാലിക ലോകത്ത് ഗാന്ധിയൻ ദർശനങ്ങൾ ഏറെ പ്രസക്തമാണെന്ന് ദക്ഷിണാഫ്രിക്ക കസാലു നതാലു സർവകലാശാല ഗാന്ധി ലുത് വി ചെയർ പ്രഥമ പ്രൊഫസറായിരുന്ന ഡോ. എം.എസ്. ജോൺ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗവും ഗാന്ധി ചെയറും ചേർന്നു സംഘടിപ്പിച്ച 'സമകാലീന ലോകത്തെ സമാധാന നിർമ്മിതിയും ജനാധിപത്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘർഷ ലഘൂകരണത്തിന് രാഷ്ട്രങ്ങൾ നിർമ്മിത മാതൃകകൾ പിന്തുടരുന്നതിനേക്കാൾ നല്ലത് തനത് സംസ്കാര കേന്ദ്രീകൃത നിലപാടുകൾ സ്വീകരിക്കുന്നതാണെന്നും ഡോ. ജോൺ പറഞ്ഞു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. പൊളിറ്റക്കൽ സയൻസ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അധ്യക്ഷനായി. കെനിയയിൽ നിന്നുള്ള അലി ഹാരെ റുവ, ഗാന്ധി ചെയർ ഭാരവാഹി ആർ.എസ്. പണിക്കർ, എ.എം. അജിനാസ് എന്നിവർ സംസാരിച്ചു. 22 ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ