റിയാദ്: സൗദി അറേബ്യയിൽ പൊതുശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടിക്ക് തുടക്കമായി. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചതായി അറിയിച്ചത്

അഡാപ്റ്റീവ് കൺട്രോൾ മാനേജ്മെന്റ് പ്ലാൻ എന്ന പേരിലാണ് ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത് . ഇന്ത്യൻ കാക്കകൾ കൂടുതലായി കാണപ്പെടുന്ന ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത് കാക്കകളുടെ എണ്ണമെടുക്കലും, പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെ നിയന്ത്രിക്കാനാണ് നീക്കം.

തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും, ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കക്കൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച പക്ഷി നിരീക്ഷകർക്കു മനസിലായതോടെയാണ് ഇന്ത്യൻ കാക്കകളെ തുരത്തുന്ന നടപടി ആരംഭിച്ചത്. ജിസാനിലായിരുന്നു ഇന്ത്യൻ കാക്കകൾ ഏറ്റവുമധികം കണ്ടുവന്നത്. ഇവിടെയുള്ള കാക്കകൾ പക്ഷേ, സ്വദേശികൾക്കും മറ്റും ശല്യമായിത്തീർന്നു .

കാക്കകൾ ഗൾഫിലെ വെള്ളം കിട്ടാൻ സാധ്യതയുള്ള ഇടങ്ങളിൽ താവളമാക്കിയതോടെ എണ്ണം പെരുകിതുടങ്ങി. കൗതുക കാഴ്ചയായിരുന്ന കാക്കകൾ കൂട്ടമായി പെരുകിയതോടെ ശല്യമാകുകയായിരുന്നു.കേരളത്തിൽ സർവ്വ സാധാരണമായ കാക്കകൾ കടൽ കടന്നതെങ്ങനെയെന്ന് കൃത്യമായ അറിവുമില്ല.