- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസക്കാരനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു; അമ്മയും കുഞ്ഞും ബോധരഹിതരായി; പുറം ഭാഗത്ത് പൊള്ളലേറ്റ യുവതിയുടെ കേൾവിക്കും തകരാർ
കൽപറമ്പ്: കട്ടിലിൽ ചാരിയിരുന്നു ആറുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് പൂണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യ(33)ക്കാണ് മിന്നലേറ്റത്. കുഞ്ഞ് പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഇടിവെട്ടേറ്റതോടെ പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി. ഐശ്വര്യയുടെ പുറം ഭാഗത്താണ് പൊള്ളലേറ്റത്. പരിശോധനയിൽ വലതുചെവിയുടെ കേൾവിക്കും തകരാറുണ്ടായതായി കണ്ടെത്തി.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കിടപ്പു മുറിയിൽ കട്ടിലിൽ ചുമരിൽ ചാരിയിരുന്ന് കുട്ടിക്ക് പാൽ കൊടുക്കുകയായിരുന്നു ഐശ്വര്യ. പെട്ടെന്നാണ് ശക്തമായ മിന്നലുണ്ടായത്. ഇതോടെ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിക്കുകയും ഐശ്വര്യയും കുട്ടിയും ബോധം കെട്ട് കട്ടിലിലേക്ക് വീഴുകയുമായിരുന്നുവെന്ന് സുബീഷ് പറഞ്ഞു. പുറത്ത് പൊള്ളലേറ്റ ഐശ്വര്യയുടെ തലമുടി കരിയുകയും ചെയ്തു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ സുബീഷാണ് സുഹൃത്തിന്റെ ഓട്ടോ വിളിച്ച് ഐശ്വര്യയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്.
ഇതേസമയം വീട്ടിൽ ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വലതുചെവിയുടെ കേൾവി തകരാറിലായതായി കണ്ടെത്തിയത്. വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും ബൾബുകളും തകർന്നു. ഇടിമിന്നലിൽ സമീപത്തെ വീടുകളിലെയും ബൾബുകളും ട്യൂബ് ലൈറ്റുകളും പൊട്ടിത്തെറിച്ച് നാശം സംഭവിച്ചിട്ടുണ്ട്.