ജയ്പൂർ: ജനങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജസ്ഥാനിൽ അശോക് ഗെഹ്ലോട് സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ താഴേതട്ടിൽ നിന്ന് നടപ്പാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയിട്ടുണ്ട്. എന്നാൽ അത് നടപ്പാക്കാൻ 10 വർഷമെടുത്തുവെന്നും ഈസ്റ്റേൺ രാജസ്ഥാൻ കനാൽ പദ്ധതി പ്രഖ്യാപിച്ചിട്ട് 10 വർഷമായെന്നും ബിജെപിയുടേത് പൊള്ളയായ പദ്ധതികളാണെന്നും പ്രിയങ്ക പറഞ്ഞു.

'തെരഞ്ഞെടുപ്പ് വരുമ്പോൾ ജാതിയെയും മതത്തേയും കുറിച്ച് പറഞ്ഞാൽ വോട്ട് ലഭിക്കുമെന്ന് ബിജെപിക്കറിയാം. ജനങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. അധികാരത്തിൽ തുടരാനും ഭാവിസുരക്ഷിതമാക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്'- പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത ഏതാനും വ്യവസായികൾക്ക് വേണ്ടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പ്രവർത്തിക്കുന്നതെന്നും സർക്കാർ പൊതുപ്രശ്‌നങ്ങൾ കേൾക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.